ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോയുടെ പുതിയ ഡസ്റ്റര്‍ 5 സീറ്ററും ബോറിയല്‍ 7 സീറ്ററും 2026 ല്‍ ഇന്ത്യയിലേക്ക് എത്തും. മൂന്നാം തലമുറ ഡസ്റ്ററിന്റെ മൂന്ന് നിര പതിപ്പായ റെനോ ബോറിയല്‍ വരും മാസങ്ങളില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ബോറിയല്‍ ആദ്യം ലാറ്റിന്‍ അമേരിക്കയിലും തുടര്‍ന്ന് മറ്റ് 70 രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഡാസിയ ബിഗ്സ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും റെനോ ബോറിയല്‍ എസ്യുവി. 5 സീറ്റര്‍ ഡസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി, ബോറിയലിന് മൂന്ന് നിര ഇരിപ്പിട ക്രമീകരണം ഉണ്ടായിരിക്കും. എങ്കിലും അതിന്റെ മിക്ക സവിശേഷതകളും അതിന്റെ ചെറിയ പതിപ്പിന് സമാനമായിരിക്കും. പുതിയ റെനോ 7 സീറ്റര്‍ എസ്യുവിയുടെ പവര്‍ട്രെയിന്‍ സജ്ജീകരണം ഡസ്റ്ററിന്റേതിന് സമാനമായിരിക്കും. ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ശക്തമായ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളുമായി ഇത് വരുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളില്‍, 167 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ബോറിയല്‍ എസ്യുവി വാഗ്ദാനം ചെയ്യുന്നത്.