ദുല്‍ഖര്‍ സല്‍മാനെ ടൈറ്റില്‍ കഥാപാത്രമാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത സീതാ രാമത്തിലെ പുതിയ വീഡിയോ സോംഗ് എത്തി. ‘അറിയും തോറും’ എന്നാരംഭിക്കുന്നതാണ് ഗാനത്തിന്റെ മലയാളം വരികള്‍. വിനായക് ശശികുമാര്‍ ആണ് മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് സംഗീത സംവിധാനം. യാസിന്‍ നിസാര്‍ ആണ് പാടിയിരിക്കുന്നത്. തെലുങ്കിലും തമിഴിലും ഇതേ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. തെലുങ്കിനു പുറമെ തമിഴ്, മലയാളം, ഹിന്ദി പതിപ്പുകളിലുമായാണ് ചിത്രം എത്തിയിരിക്കുന്നത്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. രാശ്മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍.
കുഞ്ചാക്കോ ബോബന്റെ അടുത്തതായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രവും ആരാധകര്‍ക്ക് പ്രതീക്ഷയുള്ള ഒന്നാണ്. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ‘ഒറ്റ്’ ആണ് ചിത്രം. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. ചാക്കോച്ചനൊപ്പം അരവിന്ദ് സ്വാമിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി ചിത്രം പ്രദര്‍ശനത്തിന് എത്തും. മോഷന്‍ പോസ്റ്ററിനൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി ജൂലായില്‍ 2.14 ശതമാനം വര്‍ദ്ധിച്ച് 3,627 കോടി ഡോളറിലെത്തി. ഇറക്കുമതി 43.61 ശതമാനം ഉയര്‍ന്ന് 6,627 കോടി ഡോളറായതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി റെക്കാഡ് ഉയരമായ 3,000 കോടി ഡോളറിലെത്തി. 2021 ജൂലായില്‍ വ്യാപാരക്കമ്മി 1,063 കോടി ഡോളറായിരുന്നു. ഏപ്രില്‍-ജൂലായില്‍ കയറ്റുമതി 20.13 ശതമാനം ഉയര്‍ന്ന് 15,744 കോടി ഡോളറാണ്. ഇറക്കുമതി 48.12 ശതമാനം വര്‍ദ്ധിച്ച് 25,643 കോടി ഡോളര്‍; വ്യാപാരക്കമ്മി 4,200 കോടി ഡോളറില്‍ നിന്നുയര്‍ന്ന് 9,899 കോടി ഡോളറുമായി. പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ജൂലായില്‍ 70.4 ശതമാനം ഉയര്‍ന്ന് 2,113 കോടി ഡോളറായി. വ്യാപാരക്കമ്മി കൂടാന്‍ മുഖ്യകാരണം ഇതാണ്. കേന്ദ്രം ഇറക്കുമതിച്ചുങ്കം കൂട്ടിയതിനാല്‍ സ്വര്‍ണം ഇറക്കുമതി താഴ്ന്നു. 200 കോടി ഡോളറിന്റേതാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി; ഇടിവ് 43.6 ശതമാനം.
ചൈനയുടെ യുവാന്‍, ഇന്ത്യയുടെ രൂപ, തുര്‍ക്കിയുടെ ലിറ എന്നീ കറന്‍സികള്‍ വാങ്ങാന്‍ റഷ്യ. വെല്‍ത്ത് ഫണ്ടിലേക്കായാണ് റഷ്യ കറന്‍സി സ്വരൂപിക്കുന്നത്. എണ്ണവിറ്റ് കിട്ടിയ അധിക തുക ഉപയോഗപ്പെടുത്തുന്നതിനായാണ് റഷ്യയുടെ നീക്കം. ചരിത്രത്തിലാദ്യമായാണ് വെല്‍ത്ത് ഫണ്ടിലേക്കായി വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിടുന്നത്. ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഡോളറും യുറോയും വാങ്ങുന്നതിന് റഷ്യക്ക് മുന്നില്‍ പരിമിതികളുണ്ട്. ഇതോടെയാണ് സൗഹൃദ രാജ്യങ്ങളുടെ കറന്‍സി വാങ്ങുന്നതിനായി റഷ്യ ചര്‍ച്ചകള്‍ ആരംഭിച്ചത്. നേരത്തെ അധിക വില്‍പനയിലൂടെ ലഭിച്ച പണം കറന്‍സികളില്‍ നിക്ഷേപിക്കാന്‍ കമ്പനികളെ അനുവദിക്കണമെന്ന് റഷ്യന്‍ സര്‍ക്കാറിനോട് കേന്ദ്രബാങ്ക് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രൂപയടക്കമുള്ള സൗഹൃദ രാജ്യങ്ങളുടെ കറന്‍സി വാങ്ങാനുള്ള നീക്കത്തിന് റഷ്യ തുടക്കമിട്ടിരിക്കുന്നത്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് സിഎന്‍ജി മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. വിഎക്സ് ഐ, ഇസഡ്എക്സ്ഐ എന്നിങ്ങനെ സ്വിഫ്റ്റ് എസ്-സിഎന്‍ജിയുടെ രണ്ട് വേരിയന്റുകളാണ് അവതരിപ്പിച്ചത്. 7.77 ലക്ഷം രൂപ മുതല്‍ 8.45 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. മാരുതിയുടെ ഒന്‍പതാമത്തെ സിഎന്‍ജി മോഡലാണിത്. ആള്‍ട്ടോ, വാഗണ്‍ ആര്‍ തുടങ്ങിയ മോഡലുകളാണ് മറ്റു സിഎന്‍ജി വേര്‍ഷനുകള്‍. നിലവില്‍ ആഭ്യന്തര വിപണിയില്‍ 10 ലക്ഷം സിഎന്‍ജി വാഹനങ്ങള്‍ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. ഇന്‍ഷുറന്‍സ്, സര്‍വീസ് തുടങ്ങി എല്ലാ സേവനങ്ങളോടെ മാസം തോറും 16,499 രൂപ വീതം അടച്ച് വാഹനം സ്വന്തമാക്കാവുന്ന പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സ്വതന്ത്ര്യ സമരത്തില്‍ ജീവിതം ഹോമിച്ച ജ്ഞാതരും അജ്ഞാതരുമായ ആയിരങ്ങളുണ്ട് സ്വാതന്ത്ര്യസമരത്തിന് ധീരോദാത്തമായ നേതൃത്വം നല്‍കിയ നക്ഷത്ര തിളക്കമുള്ള ധീര ദേശാഭിമാനികളുടെ ലഘു ജീവചരിത്രമാണ് ഈ കൊച്ചു പുസ്തകത്തില്‍. ‘സ്വാതന്ത്ര്യസമര സേനാനികള്‍’. ഡോ. കെ കെ രാഹുലന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 57 രൂപ.
ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തിന് അവശ്യമായ പോഷണമാണ് കാല്‍സ്യം. ഇതിന്റെ അഭാവം പലവിധത്തിലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവത്തിനെ ഹൈപോകാല്‍സീമിയ എന്നു വിളിക്കുന്നു. രക്തപരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുക. മുതിര്‍ന്ന ഒരാളിന്റെ ശരീരത്തിലെ കാല്‍സ്യത്തിന്റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഉണ്ടാകാം. പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അമിതമായ ക്ഷീണം, തീരെ ഊര്‍ജമില്ലാത്ത അവസ്ഥ, തലകറക്കം, തലയ്ക്ക് ഭാരമില്ലാത്ത അവസ്ഥ, ബ്രെയ്ന്‍ ഫോഗ്, ആശയക്കുഴപ്പം, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ, മറവി, ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങളും കാല്‍സ്യം അഭാവത്തിന്റേതാണ്. വരണ്ട ചര്‍മം, വരണ്ട് പൊട്ടിപ്പോകുന്ന നഖങ്ങള്‍, പരുക്കനായ മുടി എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. അലോപേസിയ, എക്‌സീമ, സോറിയാസിസ് പോലുള്ള ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ക്കും കാല്‍സ്യം അഭാവം കാരണമാകാം. എല്ലുകള്‍ക്ക് ആവശ്യത്തിന് കാല്‍സ്യം ലഭിക്കാതായാല്‍ ഇത് ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപോറോസിസ് പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ശരീരത്തിലെ കാല്‍സ്യം തോത് കുറയുന്നത് ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. 500 മില്ലിഗ്രാം കാല്‍സ്യം രണ്ട് മാസത്തേക്ക് കഴിക്കുക വഴി സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്തെ തങ്ങളുടെ മൂഡും ഫ്‌ളൂയിഡ് നിലനിര്‍ത്താനുള്ള ശേഷിയും മെച്ചപ്പെട്ടുത്താനാവും. ശരീരത്തില്‍ കാല്‍സ്യത്തിന്റെ അഭാവം നേരിടുമ്പോള്‍ ഇതിനെ നികത്താനായി ശരീരം പല്ലുകളില്‍ നിന്നുള്ള കാല്‍സ്യം വലിച്ചെടുക്കാന്‍ ശ്രമിക്കും. ഇത് പല്ലുകളെയും അവയുടെ വേരുകളെയും ദുര്‍ബലമാക്കും. കാല്‍സ്യത്തിന്റെ അഭാവം വിഷാദരോഗത്തിലേക്ക് നയിക്കാമെന്ന് മറ്റ് ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.