വിവിധ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒരു ന്യൂറോ ഡിജനറേറ്റീവ് ഡിസോര്‍ഡറായ പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത കാപ്പി കുടിക്കുന്നവരില്‍ കുറവാണെന്നു പുതിയ പഠനങ്ങള്‍. 35-70 വയസ് പ്രായമുള്ള 1,84,024 പേരിലാണ് പഠനം നടത്തിയത്. തുടര്‍ന്ന് കാപ്പി കുടിക്കുന്നവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത 37 ശതമാനം കുറവാണെന്നും പഠനത്തില്‍ കണ്ടെത്തി. കൂടാതെ, കഫീന്‍ അടങ്ങിയ കാപ്പി കുടിക്കുന്നത് ന്യൂറോ ഡിജെനറേറ്റീവ് രോഗത്തിനുള്ള സാധ്യത 43 ശതമാനം കുറയ്ക്കുന്നതായും ഗവേഷകര്‍ പറയുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ വിറയല്‍, പേശികള്‍ കഠിനമാവുക, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടുക, നടത്തത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്. മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ഗന്ധം നഷ്ടപ്പെടല്‍, ഉറക്ക പ്രശ്‌നങ്ങള്‍ തുടങ്ങിയവ നോണ്‍-മോട്ടോര്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.