ടെസ്ലയുടെ ഏറ്റവും പുതിയ വാഹനം സൈബര്‍ ട്രക്ക് വാങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ മറിച്ചു വിറ്റാല്‍ പിഴ. സൈബര്‍ ട്രക്ക് വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ ഒരു വര്‍ഷത്തേക്ക് വാഹനം വില്‍ക്കില്ലെന്ന കരാര്‍ ഒപ്പിട്ടു നല്‍കണം. ഇതു ലംഘിച്ചാല്‍ 50000 ഡോളര്‍ (ഏകദേശം 41 ലക്ഷം രൂപ) പിഴ ഈടാക്കുകയും ഭാവിയില്‍ ടെസ്ല വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും. തുടക്കത്തില്‍ സൈബര്‍ട്രക്കിന്റെ കുറച്ചു മോഡലുകള്‍ മാത്രമേ നിര്‍മിക്കുന്നുള്ളു അതിനാല്‍ ഡെലിവറി എടുത്ത് ഒരു വര്‍ഷത്തേക്ക് വാഹനം വില്‍ക്കാന്‍ സാധിക്കില്ല. ഉപഭോക്താവിന്റെ പ്രത്യേക സാഹചര്യം മൂലം വാഹനം വില്‍ക്കേണ്ടി വരികയാണെങ്കില്‍ ടെസ്ലയെ അറിയിക്കണമെന്നും കമ്പനിയില്‍ നിന്ന് അനുവാദം ലഭിച്ചാല്‍ മാത്രമേ വാഹനം മൂന്നാമതൊരാള്‍ക്ക് വില്‍ക്കാന്‍ സാധിക്കൂ എന്നും കരാറില്‍ പറയുന്നു. വാഹനം വില്‍ക്കാനുണ്ടായ സാഹചര്യം അറിയിച്ച് കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ ട്രക്ക് ടെസ്ല തന്നെ തിരിച്ചെടുക്കും. സഞ്ചരിച്ച ഓരോ മൈലിന് 0.25 ഡോളര്‍ കുറവു വരുത്തിയായിരിക്കും ടെസ്ല വാഹനം എടുക്കുക. കൂടാതെ നിലവിലെ വാഹനത്തിന്റെ നിലയും പരിശോധിക്കും. ഇതിനു ശേഷം ടെസ്ലയ്ക്ക് വാഹനം തിരികെ വാങ്ങാന്‍ താല്‍പര്യമില്ലെങ്കില്‍ ഉടമയ്ക്ക് മൂന്നാമതൊരാള്‍ക്ക് വില്‍ക്കാമെന്നാണ് കരാറില്‍ പറയുന്നത്.