കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ‘വനിതാ സംവിധായകരുടെ സിനിമ’ പദ്ധതി പ്രകാരം നിര്‍മിച്ച രണ്ടാമത്തെ ചിത്രമായ ‘ഡിവോഴ്‌സി’ന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാല്‍ ജോസ്, പി. ബാലചന്ദ്രന്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള മിനി ഐ. ജി യുടെ ആദ്യ സിനിമാ സംരഭമാണ്. ഡിവോഴ്‌സില്‍ കൂടി കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതി ന്യായ കോടതിയിലെത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, പി ശ്രീകുമാര്‍, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണന്‍, അശ്വതി ചാന്ദ് കിഷോര്‍, കെ പി എ സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടന്‍, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 60ഓളം തിരക്കഥകളില്‍ നിന്ന് നിഷിദ്ധോ, ഡിവോഴ്‌സ് എന്നീ രണ്ട് സിനിമകളാണ് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെഎസ്എഫ്ഡിസി സഹായം നല്‍കിയത്.