ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂമെറോസ് മോട്ടോഴ്സ് തങ്ങളുടെ ഡിപ്ലോസ് മാക്സ് ഇലക്ട്രിക് സ്‌കൂട്ടര്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ പുറത്തിറക്കി. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ വിവിധ വിപണികളില്‍ ഘട്ടം ഘട്ടമായി ഇത് ലഭ്യമാക്കുന്നു. 1.13 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില. 2.67 കിലോവാട്ട് (3.5 ബിഎച്പി) കരുത്തും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഹബ്-മൗണ്ടഡ് പിഎംഎസ് മോട്ടോറാണ് ന്യൂമെറോസ് ഡിപ്ലോസ് മാക്സിന് കരുത്തേകുന്നത്. ഈ സ്‌കൂട്ടറിന് മണിക്കൂറില്‍ 63 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഇതിന് 1.85 കിലോവാട്ട്അവറിന്റെ രണ്ട് ലിഥിയം-അയണ്‍ ബാറ്ററികളുണ്ട്. ഇത് ഇക്കോ മോഡില്‍ 140 കിലോമീറ്റര്‍ ശക്തമായ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു. 1.2 കിലോവാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 4 മണിക്കൂറിനുള്ളില്‍ ഇത് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയും.