ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത ‘ബാന്ദ്ര’യുടെ ടീസര്‍ പുറത്തെത്തി. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ദിലീപ് വേറിട്ട ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ തമന്നയാണ് നായിക. ദിനോ മോറിയ, ലെന, രാജ്‌വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1.23 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അലക്‌സാണ്ടര്‍ ഡൊമിനിക് എന്നാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാമലീലയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് അരുണ്‍ ഗോപി. ചിത്രം ബോക്‌സ് ഓഫീസിലും വിജയമായിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയിരുന്നു അരുണ്‍ ഗോപിയുടെ രണ്ടാം ചിത്രം. ദിലീപിന്റെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ മികച്ച പ്രീ റിലീസ് ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ബാന്ദ്ര.