രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനമെന്ന നേട്ടം കേരളത്തിന് സ്വന്തം. പേയ്മെന്റ് സേവന സ്ഥാപനമായ ‘വേള്‍ഡ്ലൈന്‍ ഇന്ത്യ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. കടകളിലും മറ്റും നടന്ന ഇടപാടുകള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ ഈ നേട്ടം. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍. ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മൂന്ന് നഗരങ്ങളുണ്ട്. ടോപ് 10 പട്ടികയില്‍ ഏറ്റവും കൂടുതല്‍ നഗരങ്ങളുള്ളതും കേരളത്തില്‍ നിന്നാണ്. രണ്ടുവീതം നഗരങ്ങളുമായി മഹാരാഷ്ട്രയും തമിഴ്നാടും പിന്നാലെയുണ്ട്. ബംഗളൂരു ഒന്നാംസ്ഥാനത്തുള്ള പട്ടികയില്‍ യഥാക്രമം 7, 8, 9 സ്ഥാനങ്ങളില്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ചത്. ന്യൂഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ എന്നിവയാണ് രണ്ടുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമമുള്ളത്. ടോപ് 10ല്‍ മഹാരാഷ്ട്രയില്‍ നിന്ന് മുംബൈയും പൂനെയും ഇടംനേടിയപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂരുമുണ്ട്. കടകളിലോ ഉപയോക്താക്കള്‍ തമ്മിലോ നേരിട്ട് നടന്ന ഇടപാടുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.