indonesia 3

ഫുട്ബോള്‍ ഗ്രൗണ്ടില്‍ കൂട്ടക്കുരുതി. ഇന്തോനേഷ്യയിലെ ഫുട്ബോള്‍ ഗ്രൗണ്ടില്‍ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയും 127 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്കു പരിക്ക്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് ദുരന്തം. അരേമ എഫ്‌സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തില്‍ പെര്‍സെബയ 3-2 ന് ജയിച്ചിരുന്നു. തോറ്റ ടീമായ അരേമ എഫ്സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ തിരക്കില്‍പെട്ടും ശ്വാസംമുട്ടിയുമാണ് ഇത്രയും പേര്‍ മരിച്ചത്.

അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്‍ജനാവലി. അലങ്കരിച്ച തുറന്ന വാഹനത്തില്‍ തലശേരി ടൗണ്‍ ഹാളിലേക്കു വിലാപ യാത്രയായാണു മൃതദേഹം കൊണ്ടുപോയത്. ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റേയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെയും നേതൃത്വത്തിലാണ്. വഴിയില്‍ 14 കേന്ദ്രങ്ങളില്‍ അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ മൃതദേഹവുമായുള്ള വാഹനം നിര്‍ത്തി. ഇന്നു രാത്രി എട്ടു വരെ തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. നാളെ രാവിലെ വീട്ടിലും 11 മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനം. നാളെ മൂന്നിനു പയ്യാമ്പലത്താണ് സംസ്‌കാരം. രാവിലെത്തന്നെ ആരംഭിച്ച ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ മത്സരിക്കുന്ന മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതൃപദവി രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡം പാലിക്കാനാണ് രാജി. എല്ലാവരോടും കൂടിയാലോചിച്ചേ താന്‍ തീരുമാമെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കളുടെയും പോഷക സംഘടന നേതാക്കളുടെയും സഹകരണവും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസ് പ്രസിഡന്റാകാന്‍ മത്സരരംഗത്തുള്ള ശശി തരൂര്‍ ഗാന്ധിജയന്തി ദിനത്തില്‍ ഗുജറാത്തിലെ വാര്‍ധയില്‍ ഗാന്ധിജിയുടെ സേവഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. ഗാന്ധിജിയുടെ വിജയപ്രതീക്ഷ പകരുന്ന വരികള്‍ ട്വീറ്റ് ചെയ്തു. ‘ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നെ നിങ്ങളെ പരിഹസിക്കും. പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ഒടുവില്‍ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഉദ്ഘാടനം മാറ്റി. കെസിബിസി അടക്കമുള്ള ക്രൈസ്തവ പ്രസ്ഥാനങ്ങള്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടും മാറ്റാതിരുന്ന പരിപാടി കോടിയേരി ബാലകൃഷ്ണന്‍ മരിച്ചതോടെയാണ് വ്യാഴാഴ്ചത്തേക്കു മാറ്റിയത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നടപ്പാക്കിയ ഓരോ പരിഷ്‌കാരങ്ങളും സംസഥാനങ്ങളുടെ അധികാരം കവരുന്നതായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം ശക്തിപ്പെടത്താന്‍ കോണ്‍ഗ്രസും ബിജെപിയും നിഷേധ സമീപനമാണു സ്വീകരിച്ചതെന്ന് സിപിഐ സമ്മേളനത്തില്‍ പ്രസംഗിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

കോടിയേരിയുടെ വിയോഗംമൂലം തിരുവനന്തപുരത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന പരിപാടികള്‍ വെട്ടിക്കുറച്ചു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ക്കു സൗകര്യമൊരുക്കാന്‍കൂടിയാണ് സമ്മേളനം ചുരുക്കിയത്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഗാധമായ ദുഃഖം രേഖപ്പെടുത്തി. മഹത്തായ കമ്മ്യുണിസ്റ്റായിരുന്നു കോടിയേരിയെന്നു യെച്ചൂരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ നഷ്ടമെന്ന് സിപിഎം പി ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *