ക്രോണിക് വൃക്കരോഗം വരാനുള്ള മുഖ്യ കാരണങ്ങളില്‍ ഒന്ന് പ്രമേഹമാണ്. പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും ഇത് രക്തശുദ്ധീകരണം ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. ഇത് വൃക്കസ്തംഭനത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ സങ്കീര്‍ണ്ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമുള്ളതൊക്കെ വലിച്ചെടുക്കുകയും ആവശ്യമില്ലാത്തവയെ അരിച്ചുമാറ്റുന്നതും വൃക്കകളാണ്. മലിനരക്തം വൃക്കയിലെത്തിയാല്‍ അവയെ ശുദ്ധീകരിക്കുന്നത് ഓരോ വൃക്കയിലേയും 10 ലക്ഷത്തോളം വരുന്ന നെഫ്രോണുകളാണ്. നെഫ്രോണുകള്‍ക്കുള്ളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ലോമറുലസ്. രക്തം ഗ്ലോമറുലസിലൂടെ കടന്ന് പോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. മണിക്കൂറില്‍ ഏകദേശം 70 ലിറ്റര്‍ രക്തമാണ് ഗ്ലോമറുലസിലൂടെ കടന്നുപോകുന്നത്. മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. എന്നാല്‍ പ്രമേഹമുള്ളവരില്‍ വൃക്കകളുടെ ജോലി ഭാരം കൂടുതലാണ്. ധാരാളം ഗ്ലൂക്കോസ് അടങ്ങിയ രക്തം അരിച്ചെടുത്ത് വൃക്കകള്‍ ക്ഷീണിക്കും. ഇത് പതിവാകുമ്പോള്‍ ഗ്ലോമറുലസില്‍ ചോര്‍ച്ച ഉണ്ടാകുകയും ശരീരത്തിനാവശ്യമായ ആല്‍ബുമിന്‍ മൂത്രത്തിലൂടെ പുറത്ത് പോവുകയും ചെയ്യും. ഇത് കാലക്രമേണ വൃക്ക പരാജയത്തിനും ഇടയാകും. വൃക്കരോഗം വരുന്നവരില്‍ ഭൂരിഭാഗവും പ്രമേഹരോഗികളാണ്. പ്രമേഹം തിരിച്ചറിയാന്‍ വൈകുന്നത് വൃക്കകളുടെ നാശത്തെ ത്വരിതപ്പെടുത്തും. കൃത്യമായ പരിശോധനകളും പ്രമേഹ നിയന്ത്രണവും കൊണ്ട് വൃക്കപരാജയത്തെ ഒഴിവാക്കാനാകും. ശരീരത്തിലെ രാസപ്രവര്‍ത്തനത്തിന് ആവശ്യമുള്ള വെള്ളം എടുത്ത് ബാക്കി പുറന്തള്ളുകയാണ് വൃക്കകള്‍ ചെയ്യാറുള്ളത്. വൃക്കകള്‍ക്ക് പ്രവര്‍ത്തനമാന്ദ്യം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ വെള്ളം അളവില്‍ കൂടുതലാകുന്നു. ഇതുമൂലം കണ്‍പോളകളിലും കണങ്കാലുകളിലും ദേഹത്ത് പലഭാഗങ്ങളിലും നീര്‍ക്കെട്ടുണ്ടാകും. ചിലരില്‍ ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, ഭക്ഷണത്തോട് വിരക്തി, ഉറക്കക്കുറവ്, ചൊറിച്ചില്‍, മൂത്രം പതയുക തുടങ്ങിയ കാണാറുണ്ട്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan