പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ധനുഷ് ചിത്രം ‘നാനേ വരുവേന്റെ’ ടീസര്‍ പുറത്തുവിട്ടു. ധനുഷിന്റെ സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആകുമെന്നാണ് ടീസര്‍ പറഞ്ഞുവയ്ക്കുന്നത്. ധനുഷിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്ന് ടീസര്‍ ഉറപ്പുനല്‍കുന്നു. നിഗൂഢതയും ആകാംക്ഷയും സസ്‌പെന്‍സും നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 30ന് ചിത്രം തിയറ്ററില്‍ എത്തും.’നാനേ വരുവേന്‍’ കേരളത്തില്‍ എത്തിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ് സിനിമാസ് ആണ്. ഇന്ദുജയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
‘ബ്രഹ്മാസ്ത്ര’ ബോളിവുഡിന്റെ രക്ഷയായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആഗോള അടിസ്ഥാനത്തില്‍ ബോക്‌സ് ഓഫീസ് കളക്ഷനില്‍ ചിത്രം ഒന്നാം സ്ഥാനത്താണ്. ആദ്യ ആഴ്ച നേടിയിരിക്കുന്നത് 300 കോടി രൂപയാണ്. രണ്‍ബിര്‍ കപൂര്‍ നായകനായ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. അയന്‍ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്തത്. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. ‘ബ്രഹ്മാസ്ത്ര’ ആദ്യ ദിനം ലോകമെമ്പാടും നിന്നുമായി 75 കോടിയാണ് കളക്ഷന്‍ ആണ് നേടിയത്. ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രം എന്ന വിശേഷണത്തോടെയാണ് ‘ബ്രഹ്മാസ്ത്ര’ എത്തിയത്. ചിത്രത്തിന്റെ ആകെ ബജറ്റ് 410 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില 36640 രൂപയാണ്. ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4580 രൂപയാണ്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്.
എഡ്യുടെക് ഭീമനായ ബൈജൂസ് പ്രതിസന്ധിയിലെന്നു സൂചനകള്‍. ബുധനാഴ്ച പുറത്തുവിട്ട വാര്‍ഷിക ഫലം പ്രകാരം 4550 കോടിയാണ് കമ്പനിയുടെ നഷ്ടം. ആകാശ് ഉള്‍പ്പെടെ ബൈജൂസ് നടത്തിയ ഏറ്റെടുക്കലുകളുടെ പണം ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ വരുമാനത്തിലും ഇടിവുണ്ടായി. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോള തലത്തില്‍ ഇരുപതോളം കമ്പനികളെയാണ് ഏറ്റെടുത്തത്. ഇതില്‍ പലതും വന്‍ നഷ്ടത്തിലാണെന്നാണ് സൂചനകള്‍.
ലോക ഇവി ദിനത്തോടനുബന്ധിച്ച് ടിയാഗോ ഇവി ഉടന്‍ പുറത്തിറക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചിരുന്നു. നെക്സോണിനും ടിഗോറിനും ശേഷം ടാറ്റ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇവിയാണ് ടിയാഗോ ഇവി. വാഹനം സെപ്റ്റംബര്‍ 28 ന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. നീലയില്‍ കലര്‍ന്ന ഒരു പുതിയ ബാഹ്യ നിറം പ്രതീക്ഷിക്കാം. 41 എച്ച്പിയും 105 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറുമായാണ് ടിഗോര്‍ എക്‌സ്-പ്രസ് ടി വരുന്നത്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമായാണ് ഇത് വരുന്നത്. 16.5 കി.വാട്ട് പതിപ്പ് 165 കിലോമീറ്റര്‍ ക്ലെയിം ചെയ്ത ശ്രേണിയും 21.5 കി.വാട്ട ബാറ്ററി പായ്ക്ക് 213 കിലോമീറ്റര്‍ ക്ലെയിം ചെയ്ത ശ്രേണിയും നല്‍കുന്നു.
കുടുംബബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളെ അനുഭവപ്പെടുത്തുന്ന നോവല്‍. അച്ഛനും മക്കളും കൊച്ചുമക്കളും തമ്മിലുള്ള ഇഴയടുപ്പങ്ങളുടെ ആഴത്തിലുള്ള സ്പര്‍ശങ്ങള്‍. തന്റെ കാര്‍ഷികജീവിതംകൊണ്ട് വലിയൊരു സാമ്രാജ്യം കെട്ടിപ്പടുത്ത, വിഭാര്യനായ അച്ഛന്‍, ആരോഗ്യം നഷ്ടപ്പെട്ടപ്പോള്‍ ചുറ്റും നിരന്നു നിന്ന മക്കളുടെ പരിചരണവും ആദരവും വര്‍ത്തമാനകാലത്തിന്നൊരു എതിര്‍പാഠമാണ്. ഉത്തമനായ ഒരു അച്ഛന്‍ എങ്ങനെയായിരിക്കണം എന്ന് ബോദ്ധ്യപ്പെടുത്തുന്ന കൃതി. ‘പറഞ്ഞുതീരാത്തത്’. ഗ്രീന്‍ ബുക്‌സ്. വില 200 രൂപ.
സാധാരണ ഗതിയില്‍ കൊളസ്‌ട്രോളിന്റെ അളവ് നമ്മുടെ ശരീരത്തില്‍ ഉയരുന്നത് നിശ്ശബ്ദമായിട്ടായിരിക്കും. ധമനികളില്‍ കൊഴുപ്പ് കെട്ടിക്കിടന്ന് ഹൃദയാഘാതമോ പക്ഷാഘാതമോ സംഭവിക്കുമ്പോള്‍ മാത്രമായിരിക്കും പലരും തങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് അറിയുന്നതുതന്നെ. കൊളസ്‌ട്രോള്‍ ധമനികളില്‍ കെട്ടിക്കിടന്ന് രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്ന അവസ്ഥയെ അതെറോസ്‌ക്‌ളീറോസിസ് എന്ന് പറയുന്നു. ഇത് ശരീരത്തിന്റെ അരയ്ക്ക് താഴേക്കുള്ള ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ കുറയ്ക്കുന്നു, പ്രത്യേകിച്ച് കാലുകളിലേക്ക് ഉള്ളത്. ഈ അവസ്ഥയ്ക്ക് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് അഥവാ പിഎഡി എന്നാണ് പറയുക. ഇതിന്റെ ഭാഗമായി ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ അതി കഠിനമായ വേദന അനുഭവപ്പെടാം. അരക്കെട്ടിലും തുടകളിലും കാലിന് പിന്‍ഭാഗത്തെ പേശികളിലും പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് മൂലം വേദനയുണ്ടാകുമെന്ന് മയോ ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു. കാലുകളിലേക്ക് ആവശ്യത്തിന് രക്തമെത്താത്തിനെ തുടര്‍ന്നുണ്ടാകുന്ന ഈ വേദന നടക്കുമ്പോഴോ ഓടുമ്പോഴോ പടികള്‍ കയറുമ്പോഴോ അസഹനീയമാകാം. ദൈനംദിന ജീവിതത്തെയും ജീവിതത്തിന്റെ നിലവാരത്തെയും ബാധിക്കുന്ന തരത്തിലേക്ക് ഈ വേദന മാറാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അനാരോഗ്യകരവും അലസവുമായ ജീവിതശൈലി, ചില രോഗാവസ്ഥകള്‍, മരുന്നുകള്‍ എന്നിവയെല്ലാം ശരീരത്തിലെ കൊളസ്‌ട്രോള്‍ ഉയരാന്‍ കാരണമാകാം. സാച്ചുറേറ്റഡ് കൊഴുപ്പിന്റെയും ട്രാന്‍സ്ഫാറ്റിന്റെയും അളവ് കുറച്ച് കൂടുതല്‍ പച്ചക്കറികളും പഴങ്ങളും ഫൈബര്‍ സമ്പന്നമായ ധാന്യങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. നിത്യവും അരമണിക്കൂര്‍ നടപ്പ് പോലുള്ള വ്യായാമങ്ങളും ശീലമാക്കണം. പുകവലി ഒഴിവാക്കുകയും മദ്യപാനം നിയന്ത്രിക്കുകയും വേണം. അമിതഭാരം വരാതെ ശരീരത്തെ എപ്പോഴും ഫിറ്റാക്കി വയ്ക്കാനും ശ്രദ്ധിക്കണം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.79, പൗണ്ട് – 90.77, യൂറോ – 79.50, സ്വിസ് ഫ്രാങ്ക് – 82.76, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.27, ബഹറിന്‍ ദിനാര്‍ – 211.67, കുവൈത്ത് ദിനാര്‍ -258.10, ഒമാനി റിയാല്‍ – 207.27, സൗദി റിയാല്‍ – 21.24, യു.എ.ഇ ദിര്‍ഹം – 21.73, ഖത്തര്‍ റിയാല്‍ – 21.92, കനേഡിയന്‍ ഡോളര്‍ – 60.07.