ആഗോളതലത്തില്‍ വിഷാദ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്കിടയില്‍. ഒരു പ്രധാന കാരണം രാത്രി വൈകിയുള്ള ഉറക്കമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി ഉറങ്ങുന്നവരില്‍ വിഷാദം എങ്ങനെ ട്രിഗര്‍ ആകുന്നുയെന്നത് വ്യക്തമാക്കുകയാണ് യുകെയിലെ സറേ സര്‍വകലാശാല ഗവേകര്‍. ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വെയില്‍ 546 കൗമാരക്കാരുടെ ക്രോണോടൈപ്പുകള്‍ (ആളുകളുടെ സ്വാഭാവിക ഉറക്ക-ഉണര്‍വ് ചക്രങ്ങള്‍ക്ക് ഉണ്ടാകാവുന്ന വ്യതിയാനങ്ങളെ വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്) വിലയിരുത്തി. ഇതില്‍ 252 പേര്‍ക്കും രാത്രി വൈകി ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നവരായിരുന്നു. ക്രോണോടൈപ്പിന് ഒരു ജനിതക അടിസ്ഥാനമുണ്ട്. അതിനാല്‍ വൈകി ഉറങ്ങുന്നവരില്‍ അതൊരു സ്വഭാവിക ജൈവിക പ്രവണതയാണ്. ഈ ജൈവിക പ്രവണത തടസപ്പെടുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദങ്ങള്‍ ഉണ്ടാകുമ്പോഴാണ് വൈകി ഉറങ്ങുന്നവരില്‍ വിഷാദം പലപ്പോഴും ട്രിഗര്‍ ആവുകയെന്ന് പിഎല്‍ഒഎസ് വണ്ണില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ പറയുന്നു. 38 പേര്‍ മാത്രമാണ് രാവിലെ നേരത്തെ ഉണരാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഇവര്‍ മോര്‍ണിങ് ക്രോണോടൈപ്പ് പ്രവണത പ്രകടമാക്കി. 256 പേര്‍ ഒരു ഇന്റര്‍മീഡിയറ്റ് സ്ലീപ്-വേക്ക് സൈക്കിള്‍ ഉള്ളവരായിരുന്നു. പഠനത്തില്‍ പങ്കെടുത്തവരുടെ പ്രായം 20ന് താഴെയായതിനാല്‍ ക്രോണോടൈപ്പുകള്‍ ഇത്തരത്തിലായതില്‍ അതിശയിക്കാനില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. കൗമാരത്തിന്റെ അവസാനത്തില്‍ ആളുകള്‍ ലേറ്റ്- ക്രോണോടൈപ്പിലേക്ക് വീഴാന്‍ സാധ്യതയുണ്ട്. അതേസമയം മോര്‍ണിങ് ക്രോണോടൈപ്പിലേക്ക് പിന്നീട് തിരിച്ചു വരാനും സാധ്യതയുണ്ട്. വിഷാദരോഗ സാധ്യതയും ക്രോണോടൈപ്പും തമ്മിലുള്ള ബന്ധം ലഘൂകരിക്കുന്നതിന് ചില ടെക്‌നിക്കുകള്‍ പരിശീലിക്കാം. മൈന്‍ഡ്ഫുള്‍നെസ് പരിശീലിക്കുന്നത് വൈകി ഉറങ്ങുന്നവരില്‍ വിഷാദത്തിന്റെ സ്വാധീനം കുറയ്ക്കാന്‍ സഹായിക്കും. മദ്യപാനം കുറയ്ക്കുന്നത് വിഷാദ സാധ്യത കുറയ്ക്കും. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കുന്നത് ആളുകളില്‍ വിഷാദ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.