ആശ്രിത നിയമനത്തിൽ നിയന്ത്രണം കൊണ്ടു വരുന്നതും സർക്കാർ ഓഫീസുകൾക്ക് മാസത്തിലെ 4-ാം ശനി അവധി നൽകുന്നതും ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി വിപി ജോയി ഉച്ചയ്ക്ക് 2 മണിക്ക് യോഗം വിളിച്ചു. സർവ്വീസ് സംഘടനാ പ്രതിനിധികളുമായാണ് ഇക്കാര്യം ചർച്ചചെയ്യുന്നത്.
ആശ്രിത നിയമനം 5 ശതമാനമായി പരിമിതപ്പെടുത്താനാണ് സർക്കാർ ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാൾക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാം. ഇതിനായി സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്കിയാല് മതിയെന്നാണ് നിര്‍ദേശം. ഒരു വർഷത്തിനുള്ളിൽ ജോലി സ്വീകരിക്കുന്നവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചിക്കുന്നത്. ഇല്ലെങ്കിൽ പത്തുലക്ഷം രൂപ ആശ്രിത ധനം നല്‍കും. തുടർന്ന് ഈ അവസരം പിഎസിക്ക് വിട്ടു നൽകാനും തീരുമാനമുണ്ട്.
ആശ്രിത ധനം കൈപ്പറ്റി കഴിഞ്ഞാൽ ഇവര്‍ക്ക് പിന്നീട് ആശ്രിത നിയമനത്തിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. . സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവു വരുന്നവയില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ ആശ്രിത നിയമനം അനുവദിക്കാവൂ എന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശം ആലോചിക്കുന്നത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാലാം ശനിയാഴ്ച അവധി നല്കുന്നതു സംബന്ധിച്ചുള്ള ആലോചനയും സംസ്ഥാനസര്‍ക്കാരിനുണ്ട്. നിലവിൽ രണ്ടാം ശനി അവധിയാണ്. അങ്ങനെയെങ്കില്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലും മാറ്റമുണ്ടാകും. നാലാം ശനി അവധിയാക്കിയാല്‍ മറ്റു പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം വര്ധിപ്പിക്കേണ്ടിവന്നേക്കും.