സിംപിള്‍ വണ്‍ സ്‌കൂട്ടറിന്റെ വിതരണം ആരംഭിച്ച് സിംപിള്‍ എനര്‍ജി. കഴിഞ്ഞ മാസം അവസാനം വിപണിയിലെത്തിയ സ്‌കൂട്ടറിന്റെ വില പ്രാരംഭവില 1.58 ലക്ഷം രൂപയാണ്. ആദ്യ 15 സ്‌കൂട്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ടാണ് വിതരണം സിംപിള്‍ എനര്‍ജി ആരംഭിച്ചത്. ഇതുവരെ 1 ലക്ഷത്തിലധികം ബുക്കിങ് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും റേഞ്ചുള്ള ഇ സ്‌കൂട്ടര്‍ എന്ന അവകാശവാദത്തോടെയാണ് 212 കിലോമീറ്റര്‍ റേഞ്ചുമായി സിംപിള്‍ വണ്‍ എത്തിയത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സിംപിള്‍ വണ്ണിനു വെറും 2.7 സെക്കന്‍ഡുകള്‍ മാത്രം മതി. പരമാവധി വേഗം മണിക്കൂറില്‍ 105 കിലോമീറ്റര്‍. രണ്ടു ബാറ്ററികള്‍ സിംപിള്‍ വണ്‍ സ്‌കൂട്ടറിനുണ്ട്. ഒരു ബാറ്ററി ഊരിമാറ്റി പുറത്തുവച്ചു ചാര്‍ജ് ചെയ്യാം. എഐഎസ് മൂന്നാം ഭേദഗതി അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന ആദ്യത്തെ വൈദ്യുത സ്‌കൂട്ടറാണ് സിംപിള്‍ വണ്‍. 8.5 കിലോവാട്ട് മോട്ടോറിന് പരമാവധി 72എന്‍എം ടോര്‍ക്ക് വരെ നല്‍കാനാവും. ഇകോ, റൈഡ്, ഡാഷ്, സോണിക് എന്നിങ്ങനെ നാല് ഡ്രൈവിങ് മോഡുകളാണ് വണ്‍ സ്‌കൂട്ടറിലുള്ളത്.