ജനപ്രിയ എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി നവംബറില്‍ ലോഞ്ച് ചെയ്തതിനുശേഷം അതിന്റെ ഉപയോക്തൃ അടിത്തറയില്‍ ഏകദേശം 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ജനപ്രിയ എഐ ചാറ്റ്‌ബോട്ടിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. ജൂണ്‍ മാസത്തില്‍ ആഗോളതലത്തില്‍ ബോട്ടിന്റെ വെബ്സൈറ്റിലേക്കുള്ള മൊബൈല്‍, ഡെസ്‌ക്ടോപ്പ് ട്രാഫിക്കില്‍ ഏകദേശം 10 ശതമാനം കുറവുണ്ടായതോടെ, കഴിഞ്ഞ മാസം ആപ്പ് ഉപയോക്തൃ എണ്ണത്തില്‍ ആദ്യമായി ഇടിവ് നേരിട്ടു. ബോട്ടിന്റെ ഐഫോണ്‍ ആപ്പിന്റെ ഡൗണ്‍ലോഡുകളും കുറഞ്ഞു. ഉപയോക്തൃ ഇടപഴകലിന്റെ ഈ വന്‍ ഇടിവിന്റെ കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. വെബ് അനലിറ്റിക്സ് ആന്‍ഡ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സിമിലാര്‍വെബിന്റെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് മുതല്‍, വളര്‍ച്ചാ നിരക്ക് കുറയാന്‍ തുടങ്ങി, മെയ് മാസത്തില്‍ അതില്‍ മാന്ദ്യം അനുഭവപ്പെട്ടു. കൂടാതെ, ചാറ്റ്ജിപിടി വെബ്സൈറ്റിലേക്കുള്ള ഓരോ സന്ദര്‍ശനത്തിലും ഇടപഴകല്‍ ക്രമാനുഗതമായി കുറയുന്നു. മറ്റൊരു ജനപ്രിയ എഐ ചാറ്റ്ബോട്ടായ ക്യാരക്ടര്‍, ജൂണില്‍ ഇടപഴകല്‍ നിലവാരത്തില്‍ ഇടിവ് നേരിട്ടതായും റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.