ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍ ചെരിവുകളിലെ കാട്ടുപച്ചയും കാട്ടുചെക്കിപ്പൂക്കളുടെ ചോരപ്പും തെയ്യത്തിന്റെ മെയ്യാടയും മെയ്ക്കോപ്പും കുരുത്തോലകളും കിരീടശോഭയും എല്ലാം ചേര്‍ന്ന ദൃശ്യഭാഷ. നാട്ടുമൊഴിയും ചെണ്ടമേളവും കതിനകളും പടക്കവും വരവിളിയും പൊലിച്ചുപാട്ടും ഉറച്ചില്‍ത്തോറ്റവും വാചാലും എല്ലാം കലര്‍ന്ന ശബ്ദഭാഷ. അധിനിവേശങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും സാമ്രാജ്യങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സാമൂഹ്യമാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടില്‍ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിര്‍ത്തുന്ന ഭാരതീയജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ട്. അതിനൊക്കെയപ്പുറം, ദുര്‍ജ്ഞേയമായ മനുഷ്യഭാഗധേയത്തിന്റെ ദുരന്തകാന്തിയും. ‘ദൈവം എന്ന ദുരന്തനായകന്‍’. നാലാം പതിപ്പ്. ഡോ. പി പി പ്രകാശന്‍. ഡിസി ബുക്‌സ്. വില 171 രൂപ.