asha

ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്. സെന്‍സര്‍ ബോര്‍ഡിന്റെ അധ്യക്ഷയായ ആദ്യ വനിതയാണ് ആശാഖ് പരേഖ്. ടെലിവിഷന്‍ പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍. പക്ഷികളില്‍നിന്നോ മൃഗങ്ങളില്‍നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊല്ലാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില്‍ നിലവിലെ ചട്ടങ്ങളില്‍ ഇളവു വരുത്തി അനുമതി നല്‍കണമെന്നാണ് ആവശ്യം.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ കര്‍ണാടക, ആസാം, യുപി, മഹാരാഷ്ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങി എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളില്‍നിന്ന് 247 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലെ പൊലീസാണ് പരിശോധന നടത്തിയത്. ഡല്‍ഹിയില്‍ റെയ്ഡ് പ്രദേശങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 22ന് എന്‍ഐഎ റെയ്ഡില്‍ 106 പേരെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ 30 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകത്തില്‍ 80 പേരെ പൊലീസ് പിടികൂടി. ജില്ലാ പ്രസിഡന്റുമാരടക്കം 45 പേരെ അറസ്റ്റു ചെയ്തു.

ഗവര്‍ണര്‍ക്കെതിരേ പരസ്യ വിമര്‍ശനവുമായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ രൂപീകരിച്ച രണ്ടംഗ സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ അംഗത്തെ നിയോഗിക്കാന്‍ ചട്ടം അനുവദിക്കുന്നില്ലെന്നു വൈസ് ചാന്‍സലര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഗതാഗത തടസംമുണ്ടാക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജി  ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ല. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കെതിരേ സ്വജനപക്ഷപാതം ആരോപിച്ചുള്ള ഹര്‍ജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകും. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല നല്‍കിയ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും.

ജയസാധ്യതയുള്ള ആറു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാന്‍ കര്‍മ്മ പദ്ധതിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര, തൃശൂര്‍, പാലക്കാട് എന്നിവയാണ് ആറു മണ്ഡലങ്ങള്‍. ബൂത്ത് ഇന്‍ ചാര്‍ജുമാര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍വരെ വീടു കയറി പ്രചാരണം നടത്തണമെന്നാണ് നിര്‍ദേശം.

സംസ്ഥാന സെക്രട്ടേറിയറ്റ് സംവിധാനം പുനസ്ഥാപിക്കണമെന്ന് സിപിഐയിലെ കാനം വിരുദ്ധപക്ഷം. സംസ്ഥാന സെക്രട്ടറിയുടെ ഏകപക്ഷീയ നയങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാട് 30 ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളന ത്തില്‍ ഉയര്‍ത്താനാണ് നീക്കം. എന്നാല്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പിലടക്കം ഉണ്ടായ വളര്‍ച്ച നേതൃത്വത്തിന്റെ സ്വീകാര്യതക്കു തെളിവാണെന്നാണ് കാനം അനുകൂലികളുടെ നിലപാട്.

ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്ന് റോഡ് പരിശോധനാ റിപ്പോര്‍ട്ട് നല്‍കുന്ന രീതി അവസാനിപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്യാഗസ്ഥര്‍ ഫീല്‍ഡില്‍ പോയി പരിശോധന നടത്തണം. പുതിയ റോഡ് പണിതതിനുശേഷം കുടിവെള്ള പദ്ധതിക്കായി റോഡ് കുത്തിപ്പൊളിക്കുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കണ. ഇതിനായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *