ദിവസവും പല ആവശ്യങ്ങള്‍ക്ക് പുറത്തു പോകുന്നവരാണ് നമ്മള്‍. വളരെ കുറച്ചു ദൂരമേ ഉള്ളുവെങ്കിലും ഓട്ടോയോ കാറോ ബസോ പിടിക്കുന്ന ശീലക്കാരാണ് കൂടുതലും. എന്നാല്‍ ഇനി യാത്രകള്‍ പരമാവധി സൈക്കിളിലാക്കുന്നതിനെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കൂ. ദിവസവും ജോലിക്ക് പോകുമ്പോള്‍ ഓട്ടോയും ബസും പിടിക്കുന്നതിന് പകരം സ്വന്തമായി സൈക്കിള്‍ ചവിട്ടി പോകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനം പറയുന്നത്. യാത്ര ചെയ്യാന്‍ മറ്റ് മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നവരെക്കാള്‍ സൈക്കിളിങ് ചെയ്യുന്നവര്‍ക്ക് വിഷാദം, ഉത്കണ്ഠ പോലുള്ള മാനസീക പ്രശ്നങ്ങള്‍ നേരിടുന്നത് കുറവാണെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എപ്പിഡെര്‍മിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 16 നും 74 നുമിടയില്‍ പ്രായമായ 3,78,253 ആളുകളില്‍ അഞ്ച് വര്‍ഷമാണ് പഠനം നടത്തിയത്. അഞ്ചു വര്‍ഷത്തിനിടെ ജോലിസ്ഥലത്തേക്ക് സ്ഥിരമായി സൈക്കിളില്‍ യാത്ര ചെയ്യുന്നവരില്‍ മാനസികാരോഗ്യം മെച്ചപ്പെട്ടതായി കണ്ടെത്തി. സൈക്കിള്‍ ഉപയോഗിക്കുന്നവരില്‍ വിഷാദവും ഉത്കണ്ഠയും 15 ശതമാനം വരെ കുറഞ്ഞതായി പഠനത്തില്‍ വ്യക്തമാക്കുന്നു. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് ഇത് കൂടുതല്‍ ഫലപ്രദമായതെന്നും പഠനം ചൂണ്ടികാണിക്കുന്നു. സൈക്കിളിങ് ആളുകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, കാര്‍ബണ്‍ എമിഷന്‍, ഗതാഗതക്കുരുക്ക്, വായു മലിനീകരണം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ ചൂണ്ടികാണിക്കുന്നു.