ദഹനപ്രശ്നങ്ങള്‍ക്കോ, വയറുവേദനയ്ക്കോ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ജീരകം വളരെയധികം ഉപകാരപ്രദമാണ്. നെല്ലിക്ക, തേന്‍, വെളിച്ചെണ്ണ തുടങ്ങി നിരവധി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ സൗന്ദര്യസംരക്ഷണത്തിനായി നമ്മള് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജീരകം സൗന്ദര്യ സംരക്ഷണത്തിന് എത്രത്തോളം പ്രയോജനമാകും എന്ന് നമുക്ക് അറിയില്ല. കൃത്രിമമായ പദാര്‍ത്ഥങ്ങള്‍ കലര്‍ന്നിട്ടില്ല എന്നതാണ് ഇവയുടെയെല്ലാം പ്രത്യേകത. അതേ സവിശേഷത തന്നെയാണ് ജീരകത്തെയും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്. രക്തം ശുദ്ധിയാക്കാനുള്ള ജീരകത്തിന്റെ കഴിവ് തൊലിക്ക് മാറ്റ് കൂട്ടുന്നതിനും അതോടൊപ്പം മുഖക്കുരു കുറയ്ക്കുന്നതിനും സഹായകമാകുന്നു. ശരീരത്തില്‍ വിഷാംശത്തെ പുറന്തള്ളാന്‍ ജീരകത്തിനാവുന്നു, ഇതും ചര്‍മ്മത്തെ ആരോഗ്യവും തിളക്കമുള്ളതുമാക്കാന്‍ ഉപകരിക്കുന്നു. സൗന്ദര്യസംരക്ഷണത്തിനായി ജീരകം കൊണ്ട് ചെയ്യാവുന്ന മൂന്ന് പൊടിക്കൈകള്‍ കൂടി പരീക്ഷിച്ചുനോക്കാം. ഒരു പിടി ജീരകം അല്പം വെള്ളത്തില്‍ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് നാലോ അഞ്ചോ തുള്ളി ‘ഫെണല്‍ എസ്സന്‍ഷ്യല്‍ ഓയില്‍’ ചേര്‍ക്കുക. ശേഷം നന്നായി അരിച്ച്, ഈ മിശ്രിതം പഞ്ഞിയില്‍ മുക്കി മുഖത്ത് തേച്ചുപിടിപ്പിക്കുക. മുഖം വൃത്തിയാകാനും മുഖത്തെ ചര്‍മ്മത്തിന്റെ സ്വഭാവം മെച്ചപ്പെടാനുമാണ് ഇത് ഉപകരിക്കുക. മുഖത്തെ തൊലിയില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ നമ്മള് ആവി പിടിക്കാറുണ്ട്. സമാനമായ രീതിയില്‍ ജീരകം ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലും ആവി കൊള്ളാം. ജീരകം ചേര്‍ക്കുമ്പോള്‍ സാധാരണ ആവി പിടിക്കുന്നതിനെക്കാള്‍ ഗുണങ്ങള്‍ ലഭിച്ചേക്കാം. മുടിയുടെ ആരോഗ്യത്തിനായും ജീരകം ഉപയോഗിക്കാം. ഇതിനായി രണ്ട് കപ്പ് വെള്ളം ചൂടാക്കുക. ഇതിലേക്ക് അല്പം ജീരകപ്പൊടി ചേര്‍ക്കുക. നന്നായി യോജിപ്പിച്ച ശേഷം ചൂടാറാന്‍ വയ്ക്കാം. കീടാതെ മുടി ഷാമ്പൂവും കണ്ടീഷ്ണറും ഉപയോഗിച്ച് കഴുകിയതിന് ശേഷം അവസാനവട്ട കഴുകലിനായി ഈ മിശ്രിതം ഉപയോഗിക്കാം. മുടിയുടെ അളവിന് അനുസരിച്ച് എടുക്കുന്ന വെള്ളത്തിന്റെയും ജീരകപ്പൊടിയുടെയും അളവും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.