ബിറ്റ്കോയിന്, ഏതര്, എക്സ്.ആര്.പി, സോലാന, കാര്‍ഡാനോ എന്നീ ക്രിപ്റ്റോ കറന്‍സികളെ തന്ത്രപരമായ ക്രിപ്റ്റോ ശേഖരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ക്രിപ്റ്റോ കറന്‍സികളുടെ വില കുതിച്ചുയര്‍ന്നു. ഇതാദ്യമായാണ് കരുതല്‍ ശേഖരത്തില്‍ ഏതൊക്കെ കറന്‍സികളാണ് ഉള്‍പ്പെടുത്തുന്നതെന്ന് ട്രംപ് വെളിപ്പെടുത്തുന്നത്. അമേരിക്കയെ ആഗോള ക്രിപ്റ്റോ തലസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ക്രിപ്റ്റോ കരുതല്‍ ശേഖര പദ്ധതി. എക്സ്.ആര്.പി, സോലാന, കാര്‍ഡാനോ എന്നീ കറന്‍സികളെ ക്രിപ്റ്റോ ശേഖരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രസിഡന്‍ഷ്യല്‍ വര്‍ക്കിംഗ് ഗ്രൂപ്പിനോട് നിര്‍ദ്ദേശിച്ചുവെന്ന ട്രംപിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണുണ്ടായത്. ഇതില്‍ ബിറ്റ്കോയിനെയും ഏതറിനെയും ഉള്‍പ്പെടുത്താത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷം വീണ്ടും ട്രംപിന്റെ പോസ്റ്റെത്തി. ബിറ്റ്കോയിനും ഏതറും കരുതല്‍ ശേഖരത്തിന്റെ ഹൃദയമാണെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പിന്നാലെ ആദ്യ മൂന്ന് കോയിനുകള്‍ ഞായറാഴ്ച 62 ശതമാനത്തോളം ഉയര്‍ന്നു. ബിറ്റ്കോയിന്, ഏതര് എന്നിവയുടെ വളര്‍ച്ച 10 ശതമാനമായിരുന്നു. വെള്ളിയാഴ്ച മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തിയ ശേഷമാണ് ബിറ്റ്കോയിന്റെ തിരിച്ചുവരവ്.