സി പി എം നേതാവ് എം സ്വരാജിന് രൂക്ഷമായ മറുപടിയുമായി യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞിക്കൃഷ്ണൻ. പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ,തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി.വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. തെളിവുകൾ മറച്ചുവെച്ച് വെറും വാക്പ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും വാക്കുകളുടെ മായാവലയത്തിൽ എല്ലാവരും വീഴില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഫണ്ടിനെക്കുറിച്ച് രക്തസാക്ഷി ധനരാജിന്റെ കുടുംബത്തോട് ചോദിക്കാൻ പറഞ്ഞത് കുറുക്കന്റെ ബുദ്ധിയാണെന്ന് കുഞ്ഞിക്കൃഷ്ണൻ പരിഹസിച്ചു. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
