മാഗ്സെസെ അവാര്‍ഡ് മുന്‍മന്ത്രി കെ.കെ. ശൈലജ നിരസിച്ചത് പാര്‍ട്ടി തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തൊഴിലാളികളെ അടിച്ചമര്‍ത്തിയ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരോധിയാണ് മാഗ്സെസെ. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ മാഗ്സെസെ അവാര്‍ഡ് നല്‍കി അപമാനിക്കാനാണ് അവര്‍ ശ്രമിച്ചതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഗോവിന്ദന്‍ പറഞ്ഞു.
ഇന്നു മുതല്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ വൈദികരുടെ ഉപവാസ സമരം. ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയും മുന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും വൈദികരും അല്‍മായരും ഉപവാസ സമരത്തില്‍ പങ്കെടുക്കും. മൂലമ്പിള്ളി ടു വിഴിഞ്ഞം മാര്‍ച്ച് നടത്താനും കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ തീരുമാനിച്ചു.
പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്കു കുറുകെയുള്ള ഛറോത്തി പാലത്തിനു സമീപമായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചിച്ചു.
തിരുവനന്തപുരം വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടു മരണം. ആറു വയസുകാരി നസ്റിയ ഫാത്തിമ മരിച്ചു. കാണാതായ ഷാനി (33)ക്കായി തെരച്ചില്‍ തുടരുന്നു. നെടുമങ്ങാടുനിന്നുള്ള മൂന്ന് കുടുംബങ്ങളിലെ പത്തു പേരാണ് വെള്ളച്ചാട്ടം കാണാനെത്തി മലവെള്ളപാച്ചിലില്‍ അകപ്പെട്ടത്. സംഘത്തിലെ എട്ടു പേരേയും രക്ഷപ്പെടുത്തി. ആറു വയസുകാരി നസ്റിയയെ ഒരു കിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തിയപ്പോള്‍ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം മഴ ശക്തമാകും. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
വയനാട് മീനങ്ങാടിയില്‍പെയ്ത കനത്ത മഴയില്‍ ആലിലാക്കുന്ന് തോട് കരകവിഞ്ഞതോടെ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഒലിച്ചു പോയത്. മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചലില്‍ കാര്‍ ഒഴുകി പോയി. തമിഴ്നാട് സ്വദേശി കീര്‍ത്തിരാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് പുറത്തേക്കിറങ്ങിയതിനാല്‍ ആളപായമുണ്ടായില്ല. തൂവ ആറില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു പേരെ രക്ഷിക്കാന്‍ കീര്‍ത്തി രാജ് പോയതിനിടെ ആറിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരുകയും കാര്‍ ഒഴുകിപ്പോകുകയുമായിരുന്നു.
മൂന്നാറിലെ ഇക്കാനഗറില്‍ കെഎസ്ഇബി അവകാശവാദം ഉന്നയിച്ചിരുന്ന 27 ഏക്കര്‍ ഭൂമിയില്‍ കെഎസ്ഇബിക്ക് അവകാശമില്ലെന്നു ഹൈക്കോടതി. ഈ സ്ഥലത്തുനിന്നു കുടിയിറക്ക് ഭീഷണിയിലായിരുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസമായി കോടതി വിധി.