വിഴിഞ്ഞം സമരത്തിനെതിരെ ഒറ്റക്കെട്ടായി സിപിഎമ്മും ബിജെപിയും. വിഴിഞ്ഞം തുറമുഖത്തെ പിന്തുണച്ചുള്ള ആക്ഷന്‍ കൗണ്‍സില്‍ ലോംഗ് മാര്‍ച്ചില്‍ ബിജെപി നേതാവ് വി.വി രാജേഷ്, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖത്തിനെതിരേ സമാധാനപരമായി സമരം ചെയ്യാം, എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തരുതെന്ന് ഹൈക്കോടതി. പദ്ധതി പ്രദേശത്തേക്കുള്ള വഴിയിലെ തടസങ്ങള്‍ ഉടനേ നീക്കണമെന്നു കോടതി ആവര്‍ത്തിച്ചു. തങ്ങള്‍ക്കു നഷ്ടപ്പെട്ട കിടപ്പാടം സര്‍ക്കാര്‍ ലഭ്യമാക്കുന്നതുവരെ സമരം തുടരാന്‍ അനുവദിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.
കസ്റ്റഡിയില്‍നിന്ന് പ്രതി ചാടിപ്പോയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ശരത് രാജന്‍ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. വാഹന മോഷണ കേസിലെ പ്രതി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ രക്ഷപ്പെട്ടിരുന്നു.
കുവൈറ്റില്‍നിന്ന് കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഒരു മണിക്കൂറിനകം തിരിച്ചിറക്കി. ഉച്ചയ്ക്ക് ഒന്നരയ്ക്കു കുവൈറ്റില്‍നിന്ന് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറുകള്‍മൂലം തിരിച്ചിറക്കിയത്.
ഒന്നര ലക്ഷം യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന പെന്‍ഷന്‍ പ്രായവര്‍ദ്ധന തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുവതീയുവാക്കളുടെ സര്‍ക്കാര്‍ ജോലി നേടുകയെന്നുള്ള സ്വപ്നം തല്ലിക്കെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ വെള്ളക്കെട്ടിന്റെ പേരില്‍ എംജി റോഡിലെ അഞ്ചു ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍. വെളളമൊഴുക്ക് തടയുന്ന വിധത്തില്‍ കാനയിലേക്ക് മെഴുക്കുകലര്‍ന്ന മലിനജലം ഒഴുക്കിയെന്ന് ആരോപിച്ചാണ് നടപടി.
മീഡയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണു വാദം കേള്‍ക്കുക.