കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകരുടെ പഠനം. 1.8 ദശലക്ഷം സ്ത്രീകളുടെ ആഗോള മെറ്റാ അനാലിസിസ് പ്രകാരം കോവിഡ് വാക്‌സിനുകള്‍ ഗര്‍ഭിണികളില്‍ അണുബാധയ്ക്കുള്ള സാധ്യത 61% കുറയ്ക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷനും സിസേറിയനും ഉള്‍പ്പെടെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകളില്‍ ഗണ്യമായ കുറവുണ്ടാക്കിയെന്നും പഠനത്തില്‍ പറയുന്നു. 2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. കോവിഡ് വൈറസ് ബാധയ്ക്ക് അധിക സാധ്യതയുള്ള ഗര്‍ഭിണികളില്‍ വാക്‌സിനേഷന്‍ ഫലപ്രദമായോ എന്ന് നിര്‍ണ്ണയിക്കുന്നതിന് വേണ്ടിയായിരുന്നു പഠനം. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത ഒന്‍പതു ശതമാനം കുറഞ്ഞതായും ഗര്‍ഭാവസ്ഥയിലെ ഹൈപ്പര്‍ടെന്‍സിവ് ഡിസോര്‍ഡേഴ്‌സില്‍ 12 ശതമാനം കുറവും കണ്ടെത്തി. കൂടാതെ വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത എട്ട് ശതമാനമായി കുറഞ്ഞുവെന്നും പഠനത്തില്‍ പറയുന്നു. കോവിഡിനെതിരെയുള്ള വാക്‌സിനേഷന്‍ പ്രോഗ്രാം ആഗോളതലത്തില്‍ ഗര്‍ഭിണികള്‍ക്ക് എത്രത്തോളം പ്രയോജനപ്രദമാണെന്ന് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നുവെന്ന് ബര്‍മിംഗ്ഹാം സര്‍വകലാശാല ഗവേഷകര്‍ വിശദീകരിച്ചു. വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗര്‍ഭകാല സങ്കീര്‍ണതകളില്‍ കുറവും കണ്ടെത്തിയതായി ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.