അരിക്കൊമ്പൻ എന്ന വിളിപ്പേരുള്ള കാട്ടാനയ്ക്ക് കൂട് നിർമ്മിക്കാനുള്ള മരത്തടികൾ ഇറക്കിയതിനെച്ചൊല്ലി തർക്കം. വനസംരക്ഷണ സമിതിക്കാരെക്കൊണ്ട് തടിയിറക്കിയതിനെച്ചൊല്ലിയാണ് തൊഴിലാളി യൂണിയനുകളും വനംവകുപ്പും തമ്മിൽ തർക്കമുണ്ടായത്. എറണാകുളം കോടനാടുള്ള കപ്രിക്കാട് അഭയാരണ്യത്തിലാണ് മൂന്നാറിലെ ജനവാസമേഖലയിൽ ആക്രമണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കാനുള്ള കൂട് നിർമ്മിക്കുന്നത്. ഇതിനായി 29 യൂക്കാലി തടികൾ ചിന്നക്കനാലിൽ നിന്ന് ഇവിടെ എത്തിച്ചു. വന സംരക്ഷണ സമിതി പ്രവർത്തകരാണ് തടികൾ ഇറക്കിയത്. വിവരം തങ്ങളെ അറിയിച്ചില്ലെന്നും തൊഴിൽ നിഷേധിച്ചെന്നും ആരോപിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. തടികൾ ഇറക്കിയതിന് തൊഴിലാളികൾ നോക്കു കൂലിയും ചോദിച്ചു. ഇത് വനം വകുപ്പ് എതിർത്തതോടെയാണ് തർക്കമായത്.തർക്കം തുടർന്നപ്പോൾ കോടനാട് പൊലീസ് ഇടപെട്ടു. ചെയ്യാത്ത ജോലിക്ക് കൂലി നൽകാനാവില്ലെന്നും തടി ഇറക്കാൻ ആർക്കും കരാർ നൽകിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയതോടെയാണ് തൊഴിലാളികൾ ശാന്തരായത്.