ഇന്ത്യയുടെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം ഫെബ്രുവരിയില്‍ 5.09 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 4-മാസത്തെ ഏറ്റവും താഴ്ചയാണിത്. ജനുവരിയില്‍ 5.10 ശതമാനമായിരുന്നു. നവംബറില്‍ 5.55 ശതമാനം, ഡിസംബറില്‍ 5.69 ശതമാനം എന്നിങ്ങനെ രേഖപ്പെടുത്തിയ ശേഷമാണ് പിന്നീട് പണപ്പെരുപ്പം താഴേക്ക് നീങ്ങിയത്. റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാന മാനദണ്ഡമാക്കുന്നത് റീറ്റെയ്ല്‍ പണപ്പെരുപ്പമാണ്. ഇത് 2-6 ശതമാനത്തിനുള്ളില്‍ തുടരുന്നത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യമാണെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതേസമയം, പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കണമെന്നാണ് റിസര്‍വ് ബാങ്കിന് കേന്ദ്ര ധനമന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. പണപ്പെരുപ്പം കുറഞ്ഞെങ്കിലും റിസര്‍വ് ബാങ്ക് ധൃതിപിടിച്ച് അടിസ്ഥാന പലിശനിരക്കുകള്‍ താഴ്ത്താന്‍ സാധ്യത വിരളം. ഭക്ഷ്യ വിലപ്പെരുപ്പം കൂടുന്നത് റിസര്‍വ് ബാങ്കിനെ അലോസരപ്പെടുത്തിയേക്കും. ജനുവരിയില്‍ രാജ്യത്ത് വിലക്കയറ്റ നിരക്ക് ഏറ്റവും കുറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. എന്നാല്‍, ഫെബ്രുവരിയില്‍ നിരവധി സംസ്ഥാനങ്ങളില്‍ റീറ്റെയ്ല്‍ പണപ്പെരുപ്പ നിരക്ക് കേരളത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ 4.04 ശതമാനമായിരുന്നു കേരളത്തില്‍ പണപ്പെരുപ്പം. ഇത് കഴിഞ്ഞമാസം 4.64 ശതമാനമായി കൂടി. ജമ്മു കശ്മീര്‍, ബംഗാള്‍, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഡല്‍ഹി, ബിഹാര്‍ എന്നിവിടങ്ങളില്‍ പണപ്പെരുപ്പ നിരക്ക് കേരളത്തിലേതിനേക്കാള്‍ കുറവാണ്. 2.42 ശതമാനമേയുള്ളൂ ഡല്‍ഹിയില്‍. 7.55 ശതമാനവുമായി ഏറ്റവും കൂടിയ പണപ്പെരുപ്പ നിരക്കുള്ളത് ഒഡീഷയിലാണ്. ഇന്ത്യയുടെ ജനുവരിയിലെ വ്യാവസായിക ഉത്പാദന സൂചികയുടെ വളര്‍ച്ച 3.8 ശതമാനമായി താഴ്ന്നുവെന്ന റിപ്പോര്‍ട്ടും ഇന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടു. ഡിസംബറില്‍ വളര്‍ച്ച 4.25 ശതമാനമായിരുന്നു. മാനുഫാക്ചറിംഗ് മേഖലയുടെ വളര്‍ച്ച 4.5 ശതമാനത്തില്‍ നിന്ന് 3.2 ശതമാനത്തിലേക്ക് താഴ്ന്നത് ജനുവരിയില്‍ തിരിച്ചടിയായി.