കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന ഖാര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. മല്ലികാര്‍ജുന ഖാര്‍ഗെ 7897 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1072 വോട്ടു നേടി. 6825 വോട്ടിന്റെ ഭൂരിപക്ഷം. 89 ശതമാനം വോട്ടുകള്‍ ഖാര്‍ഗെ നേടി. ആകെ 9,497 വോട്ടര്‍മാരില്‍ 9385 വോട്ടുകളാണ് പോള്‍ ചെയ്തത്. 416 വോട്ടുകള്‍ അസാധുവായി. വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് തരൂര്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. കര്‍ണാടകയില്‍നിന്നുള്ള നേതാവാണ് ഖാര്‍ഗെ. 22 വര്‍ഷത്തിനുശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി. പ്രതികളായ ശ്രീരാം വെങ്കിട്ടരാമന്റേയും വഫയുടേയും വിടുതല്‍ ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് നരഹത്യാ കേസ് ഒഴിവാക്കിയത്. വാഹന അപകട കേസില്‍ മാത്രം വിചാരണ നടക്കും. കേസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് പ്രതിയുമൊത്ത് ഒത്തുകളിച്ചു തെളിവു നശിപ്പിച്ചിരുന്നു.
കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ മുഖ്യപ്രതി മണിച്ചനെ മോചിപ്പിക്കണമെന്നു സുപ്രീം കോടതി ഉത്തരവ്. 30.45 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. പണമില്ലാത്തതിന്റെ പേരില്‍ നീതി നിഷേധിക്കാനാവില്ലെന്നു കോടതി.
ഗവര്‍ണര്‍ അയോഗ്യരാക്കിയ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചെന്ന് ഉത്തരവിറക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും അംഗങ്ങളെ പിന്‍വലിക്കില്ലെന്നും വൈസ് ചാന്‍സലര്‍ മറുപടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നുതന്നെ ഉത്തരവിറക്കണമെന്ന അന്ത്യശാസനവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ദയാബായി 18 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിലവില്‍ സര്‍ക്കാര്‍ തന്ന ഉറപ്പുകളില്‍ വ്യക്തത വരുത്തുമെന്നും അവ പാലിക്കുമെന്നുമുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സമരസമിതി നേതാക്കളെ ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്കു ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സമരം ചെയ്യുന്ന ദയാബായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തീര്‍പ്പാക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയും ശാന്തിഗിരി ജനറല്‍ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിയും. ഇരുവരും ആശുപത്രിയില്‍ സമരം തുടരുന്ന ദയാബായിയെ സന്ദര്‍ശിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീല്‍ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് തള്ളിയത്.
ഇരട്ട നരബലിക്കേസില്‍ മുഖ്യപ്രതി ഷാഫിയുടെ ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരില്‍ രണ്ടു വ്യാജ പ്രൊഫൈലുകള്‍ കൂടി കണ്ടെത്തി. സജ്നമോള്‍, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകള്‍ നിര്‍മിച്ചത്. സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിര്‍ത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകള്‍ ഉപയോഗിച്ചിരുന്നത്. പ്രൊഫൈലുകളിലെ ചാറ്റുകളില്‍നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പൊലീസുകാരുടെ മൊഴി. കഴിഞ്ഞ മാസം 14ന് കോവളം സൂയിസൈഡ് പോയിന്റില്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന യുവതിയുടെ പരാതിയിലാണ് കോവളം സ്റ്റേഷനിലെ രണ്ടു പൊലീസുകാരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പടുത്തിയത്. യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചപ്പോള്‍ എത്തിയ രണ്ടു പോലീസുകാരാണു മൊഴി നല്‍കിയത്. ഒപ്പമുള്ളത് ഭാര്യയാണെന്നു പറഞ്ഞാണ് തങ്ങളെ എംഎല്‍എ മടക്കി അയച്ചതതെന്നാണ് പൊലീസുകാരുടെ മൊഴി.
നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന് വിജിലന്‍സ് കുറ്റപത്രം. കോര്‍പറേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ മൂന്നു ഉദ്യോഗസ്ഥരും ജയസൂര്യയുമാണ് പ്രതികള്‍. കുറ്റപത്രം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് സമര്‍പ്പിച്ചത്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്റെ പരാതിയില്‍ 2016 ലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്.