സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് ശക്തമായി തുടരുന്നതിനിടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.കോൺഗ്രസിന് ഗവർണറെ പിന്തുണക്കുന്ന നിലപാടില്ലെന്ന് ഖർഗെ വ്യക്തമാക്കി.സംസ്ഥാനങ്ങളിലെ ഭരണത്തിൽ ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പി യുടെ ഇടപെടലിൽ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖർഗെയോട് പറഞ്ഞു. ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടാണ് തീരുമാനം.
സാങ്കല്പിക ഭരണാധികാരിയായ ഗവർണർ അധികാര ദുർവിനിയോഗം നടത്തുന്നുവെന്നും ഇല്ലാത്ത അധികാരം ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്നും ചൂണ്ടിക്കാട്ടി ലോക്താന്ത്രിക് ജനതാദൾ (എൽ ജെ.ഡി) സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ രാഷ്ട്രപതിക്ക് പരാതി നൽകി. കേരളം ഹൗസിൽ മലയാള മാധ്യമ പ്രതിനിധികളെ ഉൾപ്പെടുത്താതെ പത്ര സമ്മേളനം നടത്തിയതും സംസ്ഥാന സർക്കാരിനെ നിരന്തരമായി വിമർശിച്ചുകൊണ്ട് പത്രസമ്മേളനം നടത്തുന്നതുംഗവർണ്ണർ പദവിക്ക് നിരക്കാത്തതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതിയുടെ പ്രതിനിധിയായ വ്യക്തി ഇങ്ങനെ പ്രവർത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്നും പരാതിയിൽ പറയുന്നു.
ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മയുടെ മൊഴി വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്‍തികരമാണ്. സുരക്ഷക്ക് നാല് പൊലീസുകാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് രാത്രി ഒന്നേകാലോടെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് ഗ്രീഷ്മയെ എത്തിച്ചത്. തുടർന്ന് രാവിലെ എസ് പി ഓഫീസിലെത്തിച്ച് അറസ്റ്റും തുടർ നടപടികളും നടത്താനിരിക്കെയാണ് ശുചി മുറിയിലെ അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത്. സുരക്ഷാപരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ പോലീസുകാർ സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ് ഗ്രീഷ്മയെ കൊണ്ടുപോയത് എന്ന് പറയപ്പെടുന്നു.
അധ്യാപകന്റെ കാല് തല്ലിയൊടിക്കും എന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രിൻസിപ്പലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തൃശ്ശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ‍്യൂട്ടിന്റെ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ദിലീപിനെയാണ് എസ്എഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി അസം മുബാറകും സംഘവും ഭീഷണിപ്പെടുത്തിയത് . വിദ്യാർത്ഥി സമരത്തിനിടെ കോളേജിലെത്തിയതാണ് വിദ്യാർത്ഥി നേതാക്കൾ. തൃശ്ശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. അന്യായമായി സംഘം ചേരൽ, അതിക്രമിച്ച് കടക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്.
ഇരട്ട നരബലി കേസിൽ മൂന്ന് പ്രതികളേയും വീണ്ടും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നരബലിക്ക് ഉപയോഗിച്ച രണ്ട് കത്തികൾ വീട്ടിലെ അടുക്കളയിൽ നിന്ന് കണ്ടെടുത്തു. ഇരകളായ സ്ത്രീകളിലൊരാളായ റോസ്‌ലിനെ കൊല്ലാൻ ഉപയോഗിച്ച കത്തിയാണ് കണ്ടെടുത്തത് . ഇലന്തൂർ ജംഗ്ഷനിലെ ഒരു കടയിൽ ഭഗവൽ സിംഗ് പണയം വെച്ച റോസ്‍ലിന്‍റെ മോതിരവും കണ്ടെത്തി. രാവിലെ എത്തിച്ച മൂന്ന് പ്രതികൾക്കൊപ്പം ഫൊറൻസിക് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച അധിക കുറ്റപത്രം വായിച്ച് കേട്ട് പ്രതികളിൽ എട്ടാം പ്രതിയായ നടൻ ദിലീപും കൂട്ടുപ്രതി ശരത്തും കുറ്റം നിഷേധിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചത്. പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയ സാക്ഷിപ്പട്ടികയിൽ മഞ്ജു വാര്യർ, ബാലചന്ദ്ര കുമാർ എന്നിവരും ഉണ്ട്. കേസ് നവംബർ 3 ന് വീണ്ടും പരിഗണിക്കും.