election 1

കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ പത്തു മുതലാണു വോട്ടെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്തുമാത്രമാണ് വോട്ടെടുപ്പു കേന്ദ്രം. മല്ലികാര്‍ജുന ഖാര്‍ഗേയും ശശി തരൂരും തമ്മിലാണു മല്‍സരം. ടിക്ക് അടയാളം രേഖപ്പെടുത്തിയാണു വോട്ടു ചെയ്യേണ്ടത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ബുധനാഴ്ച.

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ആവശ്യം ഉന്നയിച്ചത്. സി പി എം ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് സഖ്യത്തില്‍ ഒളിച്ചുകളി വേണ്ട. അതേസമയം പാര്‍ട്ടിയില്‍ 75 വയസ് പ്രായപരിധി നടപ്പാക്കാന്‍ സിപിഐ തീരുമാനിച്ചു.

സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിവിധ സര്‍വകലാശാല വിസിമാര്‍ക്കു നോട്ടീസ് നല്‍കി. ഈ മാസം 24 ന് കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ വിരമിക്കുന്നതിനാല്‍ ചുമതല നല്‍കാനാണ് സീനിയര്‍ പ്രഫസറെ തേടുന്നത്. വിസി വിരമിച്ചാല്‍ സമീപത്തെ സര്‍വകലാശാല വിസിക്കാണു ചുമതല നല്‍കാറുള്ളത്. 15 സെനറ്റംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്കു പിറകേയാണ് ഗവര്‍ണര്‍ താത്കാലിക വിസി നിയമനത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.

വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായി മല്‍സ്യത്തൊഴിലാളികളുടേയും ലത്തീന്‍ അതിരൂപതയുടെയും നേതൃത്വത്തില്‍ ഇന്നു നടത്താനിരുന്ന റോഡ് ഉപരോധം സമരം നിരോധിച്ചു. മുല്ലൂര്‍, വിഴിഞ്ഞം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ നടത്താനിരുന്ന റോഡ് ഉപരോധമാണു ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിരോധിച്ചത്. മുദ്രാവാക്യം വിളിയും നിരോധിച്ചിട്ടുണ്ട്.

ഇലന്തൂര്‍ നരബലി കേസില്‍ ഇരകളായ സ്ത്രീകളുടെ ശരീരാവശിഷ്ടങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്നു പോലീസ്. കൊലപാതകത്തില്‍ അവയവ മാഫിയക്കു ബന്ധമുണ്ടോയെന്നു പരിശോധിക്കും. മനുഷ്യ മാംസം വിറ്റാല്‍ 20 ലക്ഷം രൂപ കിട്ടുമെന്നു മുഖ്യപ്രതി ഷാഫി വിശ്വസിപ്പിച്ചതിനാലാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നു പോലീസ് പറയുന്നു. കരളിനും ഹൃദയത്തിനും മാറിടത്തിനും കൂടുതല്‍ വില കിട്ടുമെന്നും വിശ്വസിപ്പിച്ചു. വാങ്ങാന്‍ ആരും വരാതായതിനാലാണ് കുഴിച്ചിട്ടതെന്നു പോലീസ് പറയുന്നു. തെളിവെടുപ്പ് ഇന്നും തുടരും.

കാസര്‍കോട്ട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിനു മുന്നില്‍ രണ്ടാഴ്ചയായി ദയാബായിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തുടരുന്ന സമരം അവസാനിപ്പിക്കാന്‍ നീക്കം. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എന്നാല്‍ മുഴുവന്‍ ആവശ്യവും നടപ്പാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. മുഖ്യമന്ത്രി ഇടപെട്ടാണ് ചര്‍ച്ചയ്ക്കു മന്ത്രിമാരെ നിയോഗിച്ചത്.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്കെതിരെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരള ഘടകത്തിന്റെ വിമര്‍ശനം. നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കണം. പദവികള്‍ അലങ്കാരമാക്കരുതെന്നും ഓര്‍മപ്പെടുത്തി. ആരേയും കുറ്റപ്പെടുത്തിയതല്ല, സ്വയം വിമര്‍ശനമാണുണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്നീടു വിശദീകരിച്ചു.

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസ് ഒതുക്കാന്‍ ശ്രമിച്ച കോവളം സിഐക്കെതിരെ പരാതിക്കാരിയായ യുവതി പരാതി നല്‍കി. കൈക്കൂലി ലക്ഷ്യമിട്ട് കേസ് അട്ടിമറിക്കാന്‍ സി ഐ കൂട്ടുനിന്നുവെന്നും മാധ്യമങ്ങളോടു പേര് വെളിപ്പെടുത്തിയെന്നുമാണ് പരാതി. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വ്യക്തിഹത്യ നടക്കുന്നുണ്ടെന്നും പരാതി നല്‍കിയിട്ടുണ്ട്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ വെറും ട്രെയിനിയാണെന്നും തന്റെ മനസാക്ഷി വോട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പാര്‍ട്ടിയെ നയിക്കാനുള്ള കഴിവ് പ്രധാനപ്പെട്ടതാണെന്നും സുധാകരന്‍.

കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്തും പറയാമെന്നും താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനി ആണെന്നും ശശി തരൂര്‍ പറഞ്ഞു. സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ലെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് വോട്ടു രേഖപ്പെടുത്തുന്ന രീതി മാറ്റിച്ച് ശശി തരൂര്‍. ബാലറ്റില്‍ ഒന്ന് എന്ന് അക്കത്തില്‍ രേഖപ്പെടുത്തണമെന്ന അറിയിപ്പാണു തിരുത്തിയത്. ഒന്ന് എന്ന അടയാളം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒന്നാമനായ ഖാര്‍ഗേയ്ക്കു ഗുണമാകുമെന്നു ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ടിക്ക് അടയാളമോ ഗുണന ചിഹ്നമോ ഉപയോഗിക്കണമെന്ന ശശി തരൂരിന്റെ നിര്‍ദേശം വരണാധികാരി അംഗീകരിച്ചു.

തെക്കന്‍ കേരളത്തെ ഇകഴ്ത്തിയുള്ള പരാമര്‍ശം പിന്‍വലിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കുട്ടിക്കാലം മുതല്‍ മലബാറില്‍ കേള്‍ക്കുന്ന കഥയാണു പറഞ്ഞത്. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുധാകരന്‍.

തെക്കന്‍ കേരളത്തെയും നേതാക്കളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കെ സുധാകരന്റെ പ്രസ്താവയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്നും വിഭജിക്കരുതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തെക്കു ഭാഗത്തുള്ളവരെ അപമാനിച്ചെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഹിന്ദു ദൈവങ്ങളെ സുധാകരന്‍ അപമാനിച്ചെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി.

വികസനം പഠിക്കാന്‍ മുഖ്യമന്ത്രി ലോകം ചുറ്റേണ്ടതില്ലെന്നും സാങ്കേതികവിദ്യയുടെ ഇക്കാലത്ത് കേരളത്തിലിരുന്ന് മനസിലാക്കാമെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇനി കണ്ട് മനസിലാക്കാനാണെങ്കില്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിവരണ പരിപാടി മുഖ്യമന്ത്രി കാണട്ടെയെന്നും മുരളീധരന്‍ പരിഹസിച്ചു.

മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നു മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണി. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിനുമുന്‍പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍ പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും മണി മൂന്നാറില്‍ തോട്ടം തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിച്ചു.

മുന്നാറില്‍നിന്നു പിടികൂടി കോളര്‍ ഘടിപ്പിച്ച് പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കടുവ ചത്തു. കടുവ സങ്കേതത്തിലെ തടാകത്തിലാണ് ജഡം കണ്ടെത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *