ഗുജറാത്തില്‍ റിക്കാര്‍ഡ് ഭൂരിപക്ഷം നേടിയ ബിജെപിക്കു ഹിമാചല്‍ പ്രദേശില്‍ ഭരണം നഷ്ടമായി. ഹിമാചലില്‍ അട്ടിമറി വിജയം നേടിയ കോണ്‍ഗ്രസ് ഭരണത്തിലേക്ക്. ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയാണു ബിജെപി ഭരണം. ആകെയുള്ള 182 സീറ്റില്‍ 158 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. കോണ്‍ഗ്രസ് വെറും 16 സീറ്റിലേക്ക് ഒതുങ്ങി. അഞ്ചു സീറ്റുമായി അക്കൗണ്ട് തുടങ്ങിയ ആം ആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇളക്കി മറിച്ചു പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൈക്കലാക്കി. ബിജെപിക്ക് റിക്കാര്‍ഡ് നേട്ടമുണ്ടാകാന്‍ കാരണമിതാണ്. മുഖ്യമന്ത്രിയായി ഭൂപേന്ദ്രഭായ് പട്ടേല്‍ തുടരും. 12 ന് ഉച്ചയ്ക്കു രണ്ടിനാണ് സത്യപ്രതിജ്ഞ.
ഹിമാചല്‍ പ്രദേശില്‍ 40 സീറ്റുകളുമായി കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചു. ഭരണവിരുദ്ധ വികാരവും വിമതരും ബിജെപിയെ 26 സീറ്റിലൊതുക്കി. മുഖ്യമന്ത്രി ജയറാം താക്കൂര്‍ രാജിവച്ചു. കുതിരക്കച്ചവടം തടയാന്‍ വിജയികളെ കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്കു കൊണ്ടുപോകും. 68 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 35 പേരുടെ പിന്തുണ വേണം. ഹിമാചലില്‍ 1985 ന് ശേഷം ഒരു പാര്‍ട്ടിക്കും തുടര്‍ഭരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ബിജെപി 45 സീറ്റാണ് നേടിയത്.