റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പുതിയ പതിപ്പില്‍ വരുന്നു. ഹിമാലയന്‍ 450 എന്ന കൂടുതല്‍ കരുത്തുള്ള അഡ്വഞ്ചര്‍ ബൈക്ക് വൈകാതെ ലോഞ്ച് ചെയ്യും. നിലവില്‍ വില്പനയിലുള്ള ഹിമാലയനില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഹിമാലയന്‍ 450 വരുന്നത്. എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍, മുന്‍വശത്ത് യുഎസ്ഡി ഫോര്‍ക്കുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, മുന്‍വശത്ത് 19 ഇഞ്ച് വീലുകള്‍ തുടങ്ങിയവ പുതിയ മോഡലില്‍ ഉണ്ടാകും. സ്പ്ലിറ്റ് സീറ്റുകള്‍, പുതിയ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ എന്നിവയും ഇതില്‍ കാണാം. പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സപ്പോര്‍ട്ടുമുണ്ടാകും. കോള്‍ അലേര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിങ് മെസേജ് നോട്ടിഫിക്കേഷന്‍, റൈഡ് ലോഗ്, മെയിന്റനന്‍സ് ഷെഡ്യൂള്‍ എന്നിവയടക്കമുള്ള വിവരങ്ങള്‍ ഡിസ്പ്ലേയില്‍ കാണിക്കും. പുതിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍മെറ്റിയോര്‍ ബൈക്കിലുള്ള നവീന സാങ്കേതികവിദ്യകള്‍ ഹിമാലയന്‍ 450യിലും ഉണ്ടായിരിക്കും. പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും ഉണ്ടായിരിക്കുക. ഇത് സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റായിരിക്കും. 450 സിസി എന്‍ജിന്‍ ഏകദേശം 35 ബിഎച്ച്പി പവറും 40 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ബോക്സിന് പകരം 6 സ്പീഡ് ഗിയര്‍ബോക്സുമായി വരുമെന്നാണ് പ്രതീക്ഷ.