അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്തെ ജ്വല്ലറികളിലെത്തിയത് പത്ത് ലക്ഷത്തോളം ഉപഭോക്താക്കള്‍. ഏപ്രില്‍ 22, 23 തീയതികളിലായി നടന്ന അക്ഷയതൃതീയ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘സ്വര്‍ണോത്സവം’ ആയാണ് ആഘോഷിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അക്ഷയതൃതീയയ്ക്ക് ഗ്രാമിന് 4,720 രൂപയും പവന് 37,760 രൂപയുമായിരുന്നു വില. ഇക്കുറി വില ഗ്രാമിന് 5,575 രൂപയും പവന് 44,600 രൂപയുമായിരുന്നു. അതായത്, ഒരുവര്‍ഷത്തിനിടെ ഗ്രാമിന് കൂടിയത് 855 രൂപ; പവന് 6,840 രൂപയും. വന്‍ വിലക്കയറ്റം മൂലം ഇത്തവണ അക്ഷയതൃതീയയ്ക്ക് എക്സ്ചേഞ്ച് വില്‍പനയാണ് ഉയര്‍ന്നത്. പാതിയോളം കച്ചവടവും എക്സ്ചേഞ്ച് ആയിരുന്നു. ദേശീയതലത്തിലും ഇതേ ട്രെന്‍ഡ് ദൃശ്യമായി. വിറ്റഴിഞ്ഞ ഓരോ 100 ഗ്രാം സ്വര്‍ണത്തിലും 40-42 ഗ്രാം എക്സ്ചേഞ്ച് ആയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ അക്ഷയതൃതീയയ്ക്ക് സംസ്ഥാനത്തെ സ്വര്‍ണക്കടകളില്‍ 20-25 ശതമാനം വില്‍പന വളര്‍ച്ചയുണ്ടായെന്നാണ് പ്രാഥമിക അനുമാനം. ഏകദേശം മൂന്ന്-മൂന്നര ടണ്‍ വില്‍പന നടന്നു. 2022ലെ അക്ഷയതൃതീയയ്ക്ക് ഏകദേശം 2,250 കോടി രൂപയുടെ വില്‍പന നടന്നിരുന്നു. ഇക്കുറിയിത് 2,850 കോടി രൂപ കവിഞ്ഞുവെന്ന് കരുതപ്പെടുന്നു. 3,000 കോടി രൂപ കവിയുമെന്നാണ് വിതരണക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. സ്വര്‍ണവില ഉയര്‍ന്നതിനാല്‍ മൂക്കുത്തി, കമ്മല്‍, മോതിരം തുടങ്ങിയ ചെറിയ ആഭരണങ്ങള്‍ക്കും സ്വര്‍ണ നാണയത്തിനുമായിരുന്നു ഇത്തവണ കൂടുതല്‍ ഡിമാന്‍ഡ്.