ടോളിവുഡിലെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഫാന്റസി എന്റര്‍ടെയ്‌നര്‍ ‘വിശ്വംഭര’ പ്രതിസന്ധിയില്‍ എന്ന് വിവരം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തിന്റെ റിലീസ് പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണിയറക്കാര്‍ എന്നാണ് വിവരം. 2025 സംക്രാന്തിക്ക് തിയറ്ററുകളില്‍ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്ന ചിത്രത്തിന് അജ്ഞാതമായ കാരണങ്ങളാല്‍ ഉത്സവ സീസണില്‍ നിന്നും മാറ്റുകയായിരുന്നു. വിഎഫ്എക്സ് ജോലികള്‍ വൈകിയതാണ് കാരണമെന്ന് ടീം അനൗദ്യോഗികമായി ചൂണ്ടിക്കാട്ടുമ്പോള്‍, യഥാര്‍ത്ഥ വെല്ലുവിളി പോസ്റ്റ്-പ്രൊഡക്ഷന്‍ തടസ്സങ്ങള്‍ക്കപ്പുറമാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശ്വംഭരയുടെ ഒടിടി അവകാശം വിറ്റുപോകാത്തതാണ് ചിത്രത്തിന് പ്രതിസന്ധി സൃഷ്ടിച്ചത് എന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് പറയുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങി വിശ്വംഭരയുടെ ടീസര്‍ വന്‍ ട്രോളായി മാറിയിരുന്നു. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ വലിയതോതില്‍ മോശമായി ബാധിച്ചുവെന്നാണ് വിവരം. ചിരഞ്ജീവിയുടെ പ്രതിഫലമായ 75 കോടി അടക്കം 215 കോടിക്ക് മുകളിലാണ് വിശ്വംഭരയുടെ ബജറ്റ് എന്നാണ് വിവരം.