ആർക്കും നിർഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്തെ പൊലീസിൽ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്നും, കുറ്റവാളികൾക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കൽത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് തടയാൻ പൊലിസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ പോർട്ടലിൽ 31107 പരാതികളാണ് സെപ്തംബർ വരെ എത്തിയത് 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊലീസിൽ ചിലർ ജനങ്ങളുടെ യജമാനന്മാരെന്ന ഭാവത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.