തമിഴ്നാട്ടിലെ ഹൊസൂരിൽ 2000 ഏക്കർ സ്ഥലത്ത് പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിവർഷം മൂന്ന് കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള വിമാനത്താവളമാണ് നിർമിക്കുകയെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. ഹൊസൂരിലും പരിസര പ്രദേശങ്ങളിലും നിരവധി ഉൽപ്പാദന, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ കൂടുതൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുകയാണ് ലക്ഷ്യം. അതോടൊപ്പം പുതിയ വിമാനത്താവളത്തിന്റെ പ്രഖ്യാപനം ഈ മേഖലയുടെ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് തമിഴ്നാട് വ്യവസായ മന്ത്രി ടി ആർ ബി രാജ പറഞ്ഞു. ഇത് ഹൊസൂരിന് മാത്രമല്ല ധർമ്മപുരി, സേലം തുടങ്ങിയ അയൽ ജില്ലകളുടെ വികസനത്തിനും സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.