ഭക്ഷണ മേഖലയില്‍ അടുത്തിടെ ഒരു ട്രെന്‍ഡ് ആയി മാറിയ ഒന്നാണ് ചിയ വിത്തുകള്‍. മില്‍ക് ഷെയ്ക്ക്, സാലഡ്, ജ്യൂസ്, സ്മൂത്തീസ് തുടങ്ങിയ ഇന്‍സ്റ്റന്‍ഡ് ബ്രേക്ക്ഫാസ്റ്റ് ചേരുവകളില്‍ ഒഴിവാക്കാന്‍ പറ്റാത്ത തരത്തില്‍ ആയിരിക്കുകയാണ് നിരവധി പോഷകഗുണങ്ങളുള്ള ചിയ വിത്തുകള്‍. ചിയ വിത്തുകള്‍ പ്രോട്ടീന്‍ സമ്പന്നമായതു കൊണ്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ സംതൃപ്തി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. ചിയ വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ ഉത്തമമാണ്. കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ചിയ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇരുമ്പ്, കാല്‍സ്യം, ബി വിറ്റാമിനുകള്‍, മാംഗനീസ്, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ അടങ്ങിയ ചിയ വിത്തുകള്‍ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചിയ വിത്തുകള്‍ കഴിക്കാനുള്ള എളുപ്പവഴിയാണിത്. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചിയ വിത്തുകള്‍ കുതിര്‍ക്കുക. ഇത് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെച്ച ശേഷം അരിച്ചെടുത്ത് കുടിക്കുക. രുചിയില്‍ വ്യത്യസ്തത വേണമെന്ന് ഉണ്ടെങ്കില്‍ നാരങ്ങ നീര്, ഓറഞ്ച് ജ്യൂസ്, കുരുമുളക് അല്ലെങ്കില്‍ തേന്‍ എന്നിവ ചേര്‍ത്ത് കുടിക്കാവുന്നതാണ്.