ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘ചാവേര്‍’ എന്ന ചിത്രത്തിലെ പുതിയഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘ചെന്താമര പൂവിന്‍’ എന്നു തുടങ്ങുന്ന ഗാനത്തിന് ഹരീഷ് മോഹനന്‍ ആണ് വരികള്‍ കുറിച്ചത്. ജസ്റ്റിന്‍ വര്‍ഗീസ് ഈണമൊരുക്കിയ ഗാനം പ്രണവ് സി.പി, സന്തോഷ് വര്‍മ എന്നിവര്‍ ചേര്‍ന്നാലപിച്ചു. ചാവേറില്‍ ഏവരുടേയും ഉള്ളുലച്ച തെയ്യം പാട്ടാണിത്. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വര്‍ഗീസും അര്‍ജുന്‍ അശോകനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് ‘ചാവേര്‍’. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീത നീണ്ട ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചാവേറിന്. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.