തിരുവനന്തപുരം സിറ്റിയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമമാണ് ചെമ്പഴന്തി . ഈ ഗ്രാമത്തെ കുറിച്ച് കൂടുതലായി അറിയാം….!!!!

 

സാമൂഹിക നവോത്ഥാനത്തിന് പ്രധാന പങ്ക് വഹിച്ച ശ്രീ നാരായണ ഗുരുവിന്റെ ജനനത്താൽ പ്രസിദ്ധമാണ് ഈ ഗ്രാമം. ശ്രീനാരായണ ഗുരുവിൻ്റെ ജനനത്തോടെയാണ് ചെമ്പഴന്തി ശ്രദ്ധേയമായത് . അദ്ദേഹത്തിൻ്റെ പിതാവ് മാടൻ, അമ്മ കുട്ടിയമ്മ അവർക്ക് നാല് കുട്ടികളും. ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു. ചെമ്പഴന്തി ഗ്രാമം ഇന്ന് ശ്രീനാരായണഗുരുവിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലം കൂടിയായി മാറിക്കഴിഞ്ഞു.

 

ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് പഴമ നഷ്ടപ്പെടാതെ ഇപ്പോഴും സംരക്ഷിച്ചു വരുന്നുണ്ട്. ഇവിടം വിദ്യാഭ്യാസത്തിന് അനുയോജ്യമായ തരത്തിലുള്ള അന്തരീക്ഷമാണ്. പ്രൈമറി സ്ക്കൂൾ തലം മുതൽ കോളേജ് തലത്തിലുള്ള വിദ്യാഭ്യാസം വരെ ഇവിടെ ലഭിക്കുന്നു. വിദ്യാഭ്യാസത്തിന് ശ്രീനാരായണഗുരു ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു.

 

ശ്രീ.സി.വി.രാമൻ പിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ എന്ന നോവലിൽ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയ്‌ക്കെതിരെ കലാപം നടത്തിയ എട്ടുവീട്ടിൽ പിള്ളമാരിൽ അഥവാ എട്ടുവീട്ടിൽ നിന്നുള്ള പിള്ളമാരിൽ പ്രമുഖനായ “ചെമ്പഴന്തി പിള്ള”യുടെ പാരമ്പര്യ അടിത്തറയായിരുന്നു ചെമ്പഴന്തി എന്ന സ്ഥലം . എട്ടുവീടുകളുടെ പ്രഭുക്കൾ എന്ന് വിശേഷണം ചെയ്യപ്പെട്ടത് കേരളത്തിലെ പഴയ വേണാട്ടിലെ എട്ട് നായർ വീടുകളിൽ നിന്നുള്ള ഒരു കൂട്ടം പ്രഭുക്കന്മാരെ ആയിരുന്നു.

 

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായും എട്ടരയോഗവുമായും ഇവർ ബന്ധപ്പെട്ടിരുന്നു. ഇവർക്കെല്ലാം പിള്ള എന്ന സ്ഥാനപ്പേര് നൽകിയിരുന്നു. കഴക്കൂട്ടത്തു പിള്ള, രാമനാമഠം പിള്ള, ചെമ്പഴന്തി പിള്ള, കുടമൺ പിള്ള, വെങ്ങാനൂർ പിള്ള, മാർത്താണ്ഡമഠം പിള്ള, പള്ളിച്ചൽ പിള്ള, കൊളത്തൂർ പിള്ള എന്നിവരായിരുന്നു എട്ട് വീട്ടിൽ പിള്ളമാർ എന്ന് അറിയപ്പെട്ട അഷ്ടപ്രഭുക്കൾ.

 

കൂടാതെ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും തമ്മിലുള്ള പ്രസിദ്ധമായ കൂടിക്കാഴ്ച നടന്ന ചെമ്പഴന്തിയിലെ അണിയൂർ ഏറെ പ്രശസ്തമാണ്. കേരളത്തിൻ്റെ സാമൂഹിക സാഹചര്യത്തെക്കുറിച്ച് അവർ ഇവിടെവെച്ച് ചർച്ച ചെയ്തു. ആ ചർച്ചകൾ എല്ലാം തന്നെ നമ്മുടെ സാമൂഹിക പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്തു. ഈയിടെ അവരുടെ കൂടിക്കാഴ്ചയുടെ സ്മരണയ്ക്കായി അതേ സ്ഥലത്ത് ഒരു “സ്മൃതി മണ്ഡപം” സ്ഥാപിച്ചു.

ചെമ്പഴന്തി സന്ദർശിക്കാനായി നിരവധി പേർ വരാറുണ്ട്. ശ്രീനാരായണ ഗുരുവിന്റെ മഹത്വം കേട്ടറിഞ്ഞു വരുന്നവരാണ് അതിലേറെയും. ചെമ്പഴന്തി എന്ന ഗ്രാമം ഇന്ന് ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഏറെ പ്രശസ്തമായി കഴിഞ്ഞു. ഇന്നത്തെ അറിയാക്കഥകളിലൂടെ ചെമ്പഴന്തി എന്ന ഗ്രാമത്തെ കുറിച്ച് മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു. പുതിയൊരു അദ്ധ്യായവുമായി അറിയാക്കഥകൾ വീണ്ടും എത്തും.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *