പോര്‍ഷെ കെയ്ന്‍ ഉള്‍പ്പെടെ ധാരാളം ആഡംബര വാഹനങ്ങള്‍ ഗാരിജിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹല്‍ ഏറ്റവും ഒടുവില്‍ സ്വന്തമാക്കിയിരിക്കുന്നത് ബി എം ഡബ്‌ള്യു വിന്റെ 2 സീറ്റര്‍ കണ്‍വെര്‍ട്ടബിള്‍ മോഡലായ ഇസെഡ്4 ആണ്. ഒരു കോടി രൂപയോളമാണ് ഈ വാഹനത്തിനു ഇന്ത്യയില്‍ എക്‌സ് ഷോറൂം വില വരുന്നത്. പുത്തന്‍ വാഹനം സ്വന്തമാക്കിയ വിവരങ്ങള്‍ യുസ്വേന്ദ്ര ചെഹല്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മൂന്നു വേരിയന്റുകളില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന ഇസെഡ്4 ന്റെ ഏതു വേരിയന്റാണ് താരം സ്വന്തമാക്കിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. തണ്ടര്‍ നൈറ്റ് മെറ്റാലിക് ഫിനിഷാണ് വാഹനത്തിനായി ചാഹല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. 3.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഇസെഡ്4 നു കരുത്തേകുന്നത്. 340 ബി എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ടതിന്. 8 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കും.
