റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 2.22 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്ന ഒന്നാണ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നേരത്തെ സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്.

ഒരു മാസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് പൊന്നിയിന്‍ സെല്‍വന്‍ നേടിയത് 482 കോടി. ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 164 കോടിയുമാണ് ചിത്രം നേടിയത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ചിത്രം. 215 കോടിയാണ് ആകെ നേട്ടം. തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 23 കോടി, കര്‍ണാടകത്തില്‍ നിന്ന് 27 കോടി, കേരളത്തില്‍ നിന്ന് 24 കോടി, ഉത്തരേന്ത്യയില്‍ നിന്ന് 29 കോടി എന്നിങ്ങനെയാണ് ചിത്രത്തിന്റെ നേട്ടം. ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. നവംബര്‍ 4 മുതല്‍ പ്രൈം വീഡിയോയുടെ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും ചിത്രം അധികതുക നല്‍കാതെ കാണാനാവും.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇടിഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 35 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4675 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 3865 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആരോഗ്യവിദഗ്ധര്‍ക്കും സര്‍ട്ടിഫൈഡ് യൂട്യൂബ് ചാനല്‍ വരുന്നു. തെറ്റായ വിവരങ്ങള്‍ ആളുകളിലേക്കെത്തിക്കുന്ന ചാനലുകള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ടാണ് യൂട്യൂബിന്റെ ഈ ചുവടുവയ്പ്പ്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് ശരിയായ ഉറവിടം കണ്ടെത്താന്‍ കാഴ്ചക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ഇത്. ഡോക്ടര്‍മാര്‍ നഴ്സുമാര്‍ മാനസികാരോഗ്യവിദഗ്ധര്‍, ആരോഗ്യരംഗത്ത് മറ്റ് സേവനങ്ങള്‍ ചെയ്യുന്നവര്‍ക്കാണ് യൂട്യൂബ് വേരിഫിക്കേഷന് അപേക്ഷിക്കാനാകുക. വൈദ്യ രംഗത്തെ കൂടുതല്‍ ആളുകള്‍ യൂട്യൂബിലേക്ക് കടന്നുവരുന്നതിനും വ്യാജന്മാരെ തിരിച്ചറിയുന്നതിനും ഈ ചുവടുവയ്പ്പ് ഗുണകരമാകും.

2022 ജൂലൈ ആദ്യവാരത്തില്‍ ആണ് മാരുതി സുസുക്കി ബ്രെസ സബ്-4 മീറ്റര്‍ എസ്യുവിയെ പുറത്തിറക്കിയത്. കഴിഞ്ഞ മൂന്നുനാല് മാസത്തിനുള്ളില്‍ ഒരുലക്ഷത്തിലധികം ബുക്കിംഗുകള്‍ രേഖപ്പെടുത്തി. ബ്രെസയുടെ സിഎന്‍ജി പതിപ്പ് അവതരിപ്പിക്കാന്‍ കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നു. മാരുതി ബ്രെസ്സ പെട്രോള്‍ മാനുവലിന് 7.99 ലക്ഷം മുതല്‍ 12.30 ലക്ഷം വരെയാണ് വില. സിഎന്‍ജി പതിപ്പിന് അതാത് വേരിയന്റിനേക്കാള്‍ ഏകദേശം 90,000 കൂടുതല്‍ വില പ്രതീക്ഷിക്കുന്നു. അതേസമയം, ബ്രെസ്സ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 10.97 ലക്ഷം മുതല്‍ 13.80 ലക്ഷം രൂപ വരെയാണ് വില. ബ്രെസ സിഎന്‍ജിക്ക് ഏകദേശം 8.90 ലക്ഷം മുതല്‍ 14.70 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രണയത്തിന്റെ മാസ്മരികാന്തരീക്ഷം നിര്‍മിക്കുന്ന കഥകളുടെ സമാഹാരം. എല്ലാ പദങ്ങളും ആത്മാവു നഷ്ടപ്പെട്ട കെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടു തന്നെ ഇന്ദുമേനോന്‍ സൃഷ്ടിക്കുന്ന ഭാഷ. ‘തിരഞ്ഞെടുത്ത കഥകള്‍’. മനോരമ ബുക്‌സ്. വില 323 രൂപ.

ഇന്ന് ഒക്ടോബര്‍ 29. ലോക സ്‌ട്രോക്ക് ദിനം. മസ്തിഷ്‌കത്തിലേക്കുള്ള രക്ത വിതരണം തടസ്സപ്പെടുകയും തലച്ചോറിന് തകരാര്‍ സംഭവിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇന്നത്തെ ജീവിതശൈലിയും ജനിതക മാറ്റവുമെല്ലാം ലോകത്തെ സ്‌ട്രോക്ക് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. 55 വയസ്സിന് മുകളിലുള്ള ആളുകള്‍ക്കാണ് സ്‌ട്രോക്കിന് കൂടുതല്‍ സാധ്യതയുള്ളതെങ്കിലും ഇന്ന് യുവാക്കളിലാണ് ഈ രോഗാവസ്ഥ കൂടുതലായി കാണപ്പെടുന്നത്. മാറി വരുന്ന ജീവിതശൈലി, ഭക്ഷണം, ചില മരുന്നുകള്‍ എന്നിവയും സ്ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കഠിനമായ തലവേദന, ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തും കാലിലും ഉണ്ടാകുന്ന മരവിപ്പ്, തളര്‍ച്ച, സംസാരത്തിലെ കുഴച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടല്‍, തലകറക്കം, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍. രക്തം വിതരണം ചെയ്യുന്ന ധമനിയിലാണ് പലപ്പോഴും കട്ടപിടിക്കുന്നത്. രക്തസ്രാവവും ഇതിന് കാരണമാകാം. ഒരു രക്തക്കുഴല്‍ പൊട്ടി തലച്ചോറിലേക്ക് രക്തം ഒഴുകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആല്‍ക്കഹോള്‍ അമിതമായി ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദവും ട്രൈഗ്ലിസറൈഡിന്റെ അളവും വര്‍ദ്ധിപ്പിക്കും. ഇത് രക്തപ്രവാഹത്തിന് കാരണമാകും. ഒരു വ്യക്തിയുടെ ധമനികളില്‍ ശിലാഫലകം അടിഞ്ഞുകൂടുന്നത് രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിലേക്ക് നയിക്കുന്നു. വ്യായാമമോ പ്രവര്‍ത്തനമോ കുറയുന്നതിനനുസരിച്ച് ഹീറ്റ് സ്‌ട്രോക്കിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. ആരോഗ്യം നിലനിര്‍ത്താന്‍ പതിവായി വ്യായാമം ചെയ്യുന്നത് സഹായകമാണ്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 82.29, പൗണ്ട് – 95.56, യൂറോ – 82.00, സ്വിസ് ഫ്രാങ്ക് – 82.59, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.77, ബഹറിന്‍ ദിനാര്‍ – 218.28, കുവൈത്ത് ദിനാര്‍ -265.67, ഒമാനി റിയാല്‍ – 213.73, സൗദി റിയാല്‍ – 21.89, യു.എ.ഇ ദിര്‍ഹം – 22.40, ഖത്തര്‍ റിയാല്‍ – 22.60, കനേഡിയന്‍ ഡോളര്‍ – 60.29.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *