റെസ്ലിങില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ‘ചത്ത പച്ച: റിങ് ഓഫ് റൗഡീസ്’ ടീസര്‍ എത്തി. മോഹന്‍ലാലിന്റെ അനന്തരവനും ജീത്തു ജോസഫ്, രാജീവ് രവി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം സംവിധാന സഹായിയായി ജോലിയും ചെയ്തിട്ടുള്ള അദ്വൈത് നായര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, മാര്‍ക്കോ എന്ന സിനിമയില്‍ വിക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍, പൂജ മോഹന്‍ദാസ് എന്നിവരും വേഷമിടുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്‌ളിയുഡബ്‌ളിയുഇ സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ്. പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍ എഹ്സാന്‍ ലോയ് ടീം ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംഗീത സംവിധായകരായി അരങ്ങേറ്റം കുറിക്കുന്നു. വിനായക് ശശികുമാറാണ് ഗാനരചന.
