റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ജെമിനി പ്രോ സൗജന്യമായി ലഭിക്കും. ഇതിനായി റിലയന്‍സും ഗൂഗ്‌ളും തമ്മില്‍ കരാറൊപ്പിട്ടു. 18 മാസത്തേക്കുള്ള സൗജന്യ സേവനമാണ് റിലയന്‍സിന് ലഭിക്കുക. 35,000 രൂപയുടെ സേവനങ്ങളാണ് പൂര്‍ണമായും റിലയന്‍സ് സൗജന്യമായി നല്‍കുക. 18 മുതല്‍ 25 വരെ പ്രായമുള്ള ജിയോ ഉപഭോക്താക്കള്‍ക്കാണ് സൗജന്യസേവനം ലഭിക്കുക. ഇതിന് 349 രൂപയുടേതോ അതിന് മുകളിലുള്ളതോ ആയ 5ജി പ്ലാന്‍ എടുക്കണം. ഒക്ടോബര്‍ 30 മുതല്‍ പുതിയ പ്ലാന്‍ ആരംഭിക്കും. നിശ്ചിതകാലത്തേക്ക് മാത്രമേ പുതിയ പ്ലാന്‍ സബ്‌സ്‌ക്രിപ്ഷന്‍ സാധിക്കുവെന്ന് റിലയന്‍സ് ജിയോ അറിയിച്ചിട്ടുണ്ട്. അണ്‍ലിമിറ്റഡ് ചാറ്റ്, രണ്ട് ടി.ബി ക്ലൗഡ് സ്റ്റോറേജ്, വി.ഇ.ഒ 3.1 ഉപയോഗിച്ചുള്ള വിഡിയോ ജനറേഷന്‍, നാനോ ബനാന ഉപയോഗിച്ചുള്ള ഇമേജ് ജനറേഷന്‍ എന്നിവ ജെമിനെയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റിലജന്‍സ് ഉപയോഗിച്ച് ലഭ്യമാകും. പുതിയ ഓഫറിലൂടെ ഗൂഗ്‌ളിന്റെ എ.ഐ ടൂളികളിലേക്ക് പരിധികളില്ലാത്ത ആക്‌സസ് ലഭിക്കും. ഫോട്ടോസ്, ഡ്രൈവ്, ജിമെയില്‍ എന്നിവയില്‍ ഉടനീളം രണ്ട് ടി.ബി സ്റ്റോറേജും ലഭിക്കും.
