ഇന്ദ്രിയാനുഭവങ്ങളെ അധികതീവ്രതയോടെ ഏറ്റുവാങ്ങുകയും തട്ടിവീണതും പിടഞ്ഞെണീറ്റതുമായ സന്ദര്‍ഭങ്ങളെ ആന്തരികജീവിതത്തിന്റെ ചുവരില്‍ കൂടുതലാഴത്തില്‍ പതിപ്പിക്കുകയും അവയെ ഓര്‍മ്മയായി വീണ്ടെടുക്കുകയും ഭാഷയിലൂടെ പകര്‍ന്നുനല്‍കുകയും ചെയ്യുന്ന പ്രക്രിയയാണ് എഴുത്ത് എന്നതിനാണ് ജയചന്ദ്രന്റെ കഥകളും പ്രാഥമികമായി, സാക്ഷ്യം നില്‍ക്കുന്നത്. സമകാലമാണ് ഈ ആഖ്യാനങ്ങളുടെയെല്ലാം സമയസൂചിക. ഭൂതഭാവികള്‍ ഓര്‍മ്മയായും ഭാവനയായും ജിജ്ഞാസയായും ഉല്‍ക്കണ്ഠയായും വര്‍ത്തമാനത്തില്‍ വന്നണയുന്നു. അടിയൊഴുക്കായും മേല്‍പ്പരപ്പായും ഉടനീളം പിന്തുടരുന്ന നേരിയ നര്‍മ്മം ആഖ്യാനത്തേയും അതുവഴി തെളിയുന്ന ജീവിതത്തേയും ഭാരരഹിതമാക്കുന്നു. അസഹ്യമായ സന്ധികളുടെ ഹ്രസ്വമെങ്കിലുമായ ഇടവേളകളെ ആഹ്ലാദമായറിയുന്ന കഥാപാത്രങ്ങള്‍ ജയചന്ദ്രന്റെ കഥകളെ പ്രത്യാശയുടെ വാസ്തുശില്പമാക്കിത്തീര്‍ക്കുന്നു. ‘ചരിത്ര പഥത്തിലെ രണ്ടു കള്ളന്മാര്‍’. ജയചന്ദ്രന്‍ പി.കെ. ഗ്രീന്‍ ബുക്‌സ്. വില 170 രൂപ.