വിനായകനും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. മുഖത്തോടു മുഖം നോക്കി കടിപിടി കൂടുന്ന വിനായകനേയും സുരാജിനേയുമാണ് ടീസറില്‍ കാണാനാവുക. എഞ്ചിനീയര്‍ മാധവനെന്ന കഥാപാത്രമായി വിനായകനും അരിമില്‍ ഉടമ ശങ്കുണ്ണിയായി സുരാജും ചിത്രത്തിലെത്തുന്നു. പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എസ്. ഹരീഷിന്റെ ”രാത്രി കാവല്‍” എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഹരീഷ് തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. ഓഗസ്റ്റിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. മെല്‍വിന്‍ ജി ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി നൂറോളം അഭിനേതാക്കളാണ് തെക്ക് വടക്കില്‍ അണിനിരക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ സാം സി എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. അഞ്ജന ഫിലിപ്പിന്റേയും വി. എ ശ്രീകുമാറിന്റെയും നേതൃത്വത്തിലുള്ള അഞ്ജന- വാര്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കിസ്മത്ത്, വലിയപെരുന്നാള്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി ഒരുക്കുന്നത്. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം.