വിനായകനും സുരാജ് വെഞ്ഞാറമൂടും ആദ്യമായി ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ എന്ന സിനിമയുടെ ക്യാരക്ടര്‍ ലുക്ക് ടീസര്‍ പുറത്തുവിട്ടു. കഷണ്ടി കയറിയ തലയും പിരിച്ചു വെച്ച കൊമ്പന്‍ മീശയുമായി വിനായകനും നരച്ച താടിയും മുടിയുമായി സുരാജ് വെഞ്ഞാറമൂടും പരസ്പരം മുഖം തിരിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. മധ്യവയസ്‌ക്കരായ കഥാപാത്രങ്ങളാണ് ഇരുവരും ചെയ്യുന്നത് എന്നത് വ്യക്തമാണ്. ഒപ്പം സിനിമയുടെ തമാശ സ്വഭാവവും ടീസറിലുണ്ട്. എസ്. ഹരീഷിന്റെ ”രാത്രി കാവല്‍” എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ. എസ് ഹരീഷാണ് രചന. ജയിലറിനു ശേഷം വിനായകന്‍ അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാലുടന്‍ വിക്രമിനൊപ്പമുള്ള സിനിമയിലേക്ക് സുരാജ് പ്രവേശിക്കും. ഓണത്തോട് അനുബന്ധിച്ച് സിനിമ ലോകമെമ്പാടും തിയറ്ററുകളിലെത്തും. മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സാം സി. എസ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി പശ്ചാത്തല സംഗീതം ഒരുക്കുന്നു.