Untitled 1 1

ടൊവിനോ തോമസ് ചിത്രം തല്ലുമാല വന്‍ വിജയത്തിലേക്ക്. ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രം 45 കോടി രൂപ കളക്ഷനിലേക്കാണ് കടക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 12-ാം ദിവസമായ ചൊവ്വാഴ്ച ആകെ 60 ലക്ഷം രൂപ നേടിയപ്പോള്‍ കേരളത്തില്‍ നിന്ന് നേടിയത് 50 ലക്ഷം രൂപയാണ.് ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘ചക്കരച്ചുണ്ടില്‍’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു വിവാഹദിനത്തലേന്ന് ചെറുക്കന്റെ വീട്ടിലെ ഒത്തുകൂടലാണ് ഗാനത്തിന്റെ പശ്ചാത്തലം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, ബിനു പപ്പു തുടങ്ങിവരൊക്കെ കളം നിറഞ്ഞ ഗാനരംഗം കൂടിയാണ് ഇത്. ചിത്രം പുറത്തിറങ്ങി ഒന്നരയാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം ആകെ കളക്ട് ചെയ്തത് 42.5 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്ന് മാത്രം നേടിയത് 22.68 കോടി രൂപയാണ്. ഒടിടി, സാറ്റലൈറ്റ്‌സ് അവകാശങ്ങള്‍ കൂടി വില്‍പ്പനയാവുന്നതോടെ ഇനിയും കോടികള്‍ ചിത്രത്തിന്റെ അക്കൗണ്ടിലേക്ക് വരും.

ബോക്‌സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച എസ് എസ് രാജമൌലി ചിത്രം ആര്‍ആര്‍ആര്‍ ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതു മുതല്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്ളതു കൂടാതെ ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് കൂടി ഇട്ടിരിക്കുകയാണ്. മെയ് 20 ന് നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം തുടര്‍ച്ചയായ 14-ാം വാരവും പ്ലാറ്റ്‌ഫോമിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്. ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ലോകത്തെ പ്രശസ്ത അത്യാഡംബര യാത്രാ ഹെലികോപ്ടറായ എച്ച് 145 എയര്‍ബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. അത്യാധുനിക സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍ നിന്നുള്ള ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങിയത്. ലോകത്ത് ഇത്തരം 1500 ഹെലികോപ്ടറുകള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. രണ്ട് ക്യാപ്ടന്‍മാര്‍ക്ക് പുറമെ ഏഴു യാത്രക്കാര്‍ക്ക് കയറാവുന്ന ഹെലികോപ്ടറിന് ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 20000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങി സഞ്ചരിക്കാന്‍ കഴിയും. ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുമപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.

അഞ്ചുവര്‍ഷത്തിനകം 2,000 കോടി ഡോളര്‍ മൂല്യമുള്ള സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ പദ്ധതി. ഓരോ വര്‍ഷവും 15 ശതമാനം കയറ്റുമതി വളര്‍ച്ച കൈവരിച്ചും നിലനിറുത്തിയും ലക്ഷ്യം നേടും. ഇന്ത്യയില്‍ നിന്നുള്ള 90 ശതമാനം സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന 20 വിപണികള്‍ തിരഞ്ഞെടുക്കും. അവിടേക്കുള്ള കയറ്റുമതിയുടെ അളവും വിപണിയിലെ രീതികളും മനസ്സിലാക്കാന്‍ 20 ഓഫീസര്‍മാരെയും നിയമിക്കും. കയറ്റുമതിക്കാര്‍ക്ക് നല്‍കാന്‍ മാസന്തോറും വിപണി റിപ്പോര്‍ട്ടും ബയര്‍മാരുടെ ഡയറക്ടറിയും പുറത്തിറക്കും. രാജ്യമൊട്ടാകെ സമുദ്രോത്പന്ന മത്സ്യക്കൃഷി മേഖലയില്‍ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പാക്കുന്ന ശൃംഖല രൂപീകരിക്കുകയും ചെയ്യും.

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് 2.45 കോടി രൂപ പ്രാരംഭ വിലയില്‍ മെഴ്സിഡസ്-എഎംജി ഇക്യുഎസ് മുന്‍നിര ഇവി സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെര്‍ഫോമന്‍സ് ഇലക്ട്രിക് സെഡാന്‍ പ്രാദേശിക ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. മെഴ്സിഡസ് ബെന്‍സ് ഇക്യുസി ഇലക്ട്രിക് എസ്യുവിക്ക് ശേഷം കമ്പനിയുടെ വിപണിയിലെ ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമാണിത്. മെഴ്സിഡസ് ബെന്‍സ് നമ്മുടെ വിപണിയില്‍ സാധാരണ ഇക്യുഎസ് 580 ഇലക്ട്രിക് സെഡാനും അവതരിപ്പിക്കും. ഒക്ടോബറില്‍ അവതരിപ്പിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പുതിയ ഇക്യുഎസ് 580 ഒരു സികെഡി മോഡലായി എത്തുകയും പ്രാദേശികമായി അസംബിള്‍ ചെയ്യുകയും ചെയ്യും. അതേസമയം, എഎംജി പതിപ്പ് ഒരു സിബിയു അല്ലെങ്കില്‍ പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് യൂണിറ്റായാണ് വരുന്നത്.

വിശ്വപ്രസിദ്ധ കഥാകാരന്‍ ഒ.ഹെന്റിയുടെ വിശാലവും വൈവിധ്യമാര്‍ന്നതുമായ കഥാലോകത്തുനിന്നും പ്രത്യേകം തിരഞ്ഞെടുത്ത കഥകള്‍. ലോകത്തെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു കഥാകാരന്റെ കയ്യടക്കവും സര്‍ഗപ്രതിഭയും പ്രതിഫലിപ്പിക്കുന്ന പ്രശസ്തമായ കഥകളുടെ മലയാളവിവര്‍ത്തനം. മൂലകൃതിയോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന പരിഭാഷ. ഒരു സംസ്‌കാരത്തെ അതിന്റെ ഭിന്നവശങ്ങളോടെ പരിചയപ്പെടുത്തുന്ന കൃതി. ‘തെരെഞ്ഞെടുത്ത കഥകള്‍’. രണ്ടാം പതിപ്പ. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 119 രൂപ.

എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഏറ്റവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗമാണ്. ശരീരത്തിലെ ടോക്സിനുകള്‍ പുറന്തള്ളാന്‍ വെള്ളം സഹായിക്കുന്നു. ഇത് മുടിയുടെയും ചര്‍മ്മത്തിന്റെയും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. നാരങ്ങ നീര് വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ പല മടങ്ങ് വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഉറങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു ഗ്ലാസ് ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരങ്ങാനീരില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങ. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും പേശികളെ വളര്‍ത്താനും ശരീരത്തെ കാര്‍ബോഹൈഡ്രേറ്റ് നശിപ്പിക്കാനും ഉപയോഗിക്കാനും സഹായിക്കുന്നു. ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് വായ്‌നാറ്റം അകറ്റുന്നതിന് സഹായകമാണ്. ഇത് ദുര്‍ഗന്ധത്തില്‍ നിന്ന് വായ വൃത്തിയാക്കാനും ഇതിന് കാരണമാകുന്ന ദോഷകരമായ അണുക്കളെ നശിപ്പിക്കാനും സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് വൃക്കയിലെ കല്ലുകള്‍ തടയാന്‍ സഹായിക്കും. ഇതുകൂടാതെ, നാരങ്ങാനീരിനൊപ്പം കഴിക്കുന്ന വെള്ളത്തിന്റെ അളവും കല്ലുകള്‍ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ മികച്ചതാണ്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും ചുളിവുകള്‍, പാടുകള്‍ എന്നിവ തടയാനും ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്തുകൊണ്ട് ശുദ്ധവും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് സഹായിക്കുന്നു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *