വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു. അതത് രാജ്യത്തെ കറന്‍സിയുടെ മൂല്യം ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഫെബ്രുവരിയില്‍ 52 ടണ്ണും ജനുവരിയില്‍ 74 ടണ്ണുമാണ് ബാങ്കുകള്‍ വാങ്ങിയതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കി. റഷ്യയുടെ സ്വര്‍ണ ശേഖരം ഫെബ്രുവരിയില്‍ 2,330 ടണ്ണായി. 2022 ജനുവരിയേക്കാള്‍ 33 ടണ്‍ വര്‍ധന. മാര്‍ച്ചില്‍ ചൈന 18 ടണ്‍ സ്വര്‍ണം വാങ്ങി, ആകെ കരുതല്‍ ശേഖരം 2,068 ടണ്ണായി. ഇന്ത്യയിലെ റിസര്‍വ് ബാങ്ക് ഫെബ്രുവരിയില്‍ 3 ടണ്‍ സ്വര്‍ണം വാങ്ങി, മൊത്തം ശേഖരം 790 ടണ്ണായി. ഉസ്ബെകിസ്ഥാന്‍ 8 ടണ്‍, സിംഗപ്പൂര്‍ 7 ടണ്‍, ടര്‍ക്കി 45 ടണ്‍ തുടങ്ങിയവയാണ് സ്വര്‍ണം കരുതല്‍ ശേഖരത്തിലേക്ക് വാങ്ങുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത്. വിദേശ കറന്‍സികളോടൊപ്പം സുരക്ഷിതത്വത്തിന് സ്വര്‍ണം വാങ്ങുന്നത് കേന്ദ്ര ബാങ്കുകള്‍ വര്‍ധിപ്പിക്കുകയാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കൂട്ടുന്നതിനാല്‍ അന്താരാഷ്ട്ര വില സമീപ കാലത്ത് ഔണ്‍സിന് 2,000 ഡോളറിന് മുകളില്‍ നില്‍ക്കുമെന്നാണ് വിലയിരുത്തലുകള്‍.