മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെടുന്ന സൈബര്‍ ഭീഷണിയാണ് എഡ്ജില്‍ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്. ക്രോമിയം അടിസ്ഥാനത്തിലുള്ള എഡ്ജ് പ്ലാറ്റ്ഫോമിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. മൈക്രോസോഫ്റ്റ് എഡ്ജ് 129.0.2792.79ന് മുമ്പുള്ള സോഫ്റ്റ്വെയറുകളെയാണ് പ്രശ്നം ബാധിക്കുക. ഏറ്റവും പുതിയ 129.0.2792.79 വേര്‍ഷന്‍ അപ്ഡേറ്റില്‍ മൈക്രോസോഫ്റ്റ് ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. പ്രശ്നം ബാധിക്കാതിരിക്കാന്‍ എഡ്ജിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ കമ്പ്യൂട്ടറിലുണ്ട് എന്ന് ഉറപ്പാക്കുക. സുരക്ഷാ പിഴവ് നിലനില്‍ക്കുന്നതായി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പിഴവ് പരിഹരിക്കുന്ന ഒരു അപ്ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. ഐഫോണുകള്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉപകരണങ്ങളില്‍ സുരക്ഷാ പ്രശ്നം നിലനില്‍ക്കുന്നതായും ടീം മുന്നറിയിപ്പ് നല്‍കിയിരുന്നു.