കളക്ഷനില്‍ ഇടത്തരം ബോളിവുഡ് ചിത്രങ്ങളെയും മറികടന്ന് ഒരു പഞ്ചാബി ചിത്രം. തെന്നിന്ത്യന്‍ സിനിമകളും ബോളിവുഡുമൊക്കെപ്പോലെ ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിലയിലേക്ക് രാജ്യത്തെ മറ്റ് ഭാഷാ സിനിമകള്‍ എത്തുന്നത് ചുരുക്കമാണ്. അവിടെയാണ് പഞ്ചാബി ചിത്രം ‘ക്യാരി ഓണ്‍ ജട്ട 3’ നേടിയ കളക്ഷന്‍ കൊണ്ട് വാര്‍ത്ത സൃഷ്ടിക്കുന്നത്. സ്മീപ് കാംഗ് സംവിധാനം ചെയ്ത ചിത്രം 2012 ല്‍ പുറത്തിറങ്ങിയ ക്യാരി ഓണ്‍ ജട്ട 2 ന്റെ സീക്വല്‍ ആണ്. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നായകന്‍ ജിപ്പി ഗ്രൂവല്‍ ആണ്. സോനം ബജ്‌വയാണ് നായിക. ജൂണ്‍ 1 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 10.12 കോടി ആയിരുന്നു. വെള്ളിയാഴ്ച 10.72 കോടി, ശനി 12.32 കോടി, ഞായര്‍ 13.40 കോടി എന്നിങ്ങനെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം ആകെ നേടിയിരിക്കുന്നത് 46.56 കോടിയാണ്. ചരിത്രത്തില്‍ ഒരു പഞ്ചാബി ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. 15 കോടി മാത്രമാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് അറിയുമ്പോഴാണ് നേടുന്ന വിജയത്തിന്റെ തിളക്കം മനസിലാവുന്നത്. ബിന്നു ധില്ലന്‍, ജസ്വീന്ദര്‍ ഭല്ല, ഷിന്ദാ ഗ്രെവാള്‍, കവിതാ കൗശിക് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.