എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്നും, കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടുതുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറിയെന്നും അമിത് ഷാ ആരോപിച്ചു.
മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എ.ഐ.സി.സി. മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായി, വിധി നിശ്ചിതമാണ്. ജൂണ്‍ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങിനുവേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടിയുദ്ധത്തിലും പങ്കാളിയാവാന്‍ ഒരുകാരണവും കാണുന്നില്ല എന്നായിരുന്നു പവന്‍ ഖേര എക്‌സില്‍ കുറിച്ചത്. ഇതിനെ തുടർന്നായിരുന്നു അമിത് ഷായുടെ പരിഹാസം.